Spread the love

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോട്ടയം പാക്കിൽ വാളംപറമ്പിൽ ഷാജിമോന്‍റെ ഭാര്യ സിന്ധു ഷാജി (48) മരിച്ചു.രോഗം തിരിച്ചറിയാൻ വൈകിയത് മൂലം മരണത്തിനു കീഴടങ്ങിയ തെന്ന് പരാതിയുണ്ട്

 

ഗുരുതരമായചികിത്സ വീഴ്ചയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സിന്ധുവിന്‍റെ ബന്ധുക്കൾ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകി.

കടുത്ത തലവേദന, ഛർദി, പനി, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളോടെ സിന്ധു ജനുവരിയിൽ തന്നെ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പല തവണ ആശുപത്രിയിലെത്തിയിട്ടും രോഗത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സിന്ധുവിന്‍റെ മകൻ ആനന്ദ് ഷാജി മോൻ പറയുന്നത്.

ജനുവരി 17നാണ് ആദ്യമായി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ജനുവരി 20, 24, 28 തീയതികളിലും വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും വിശദമായ പരിശോധനകൾ നടത്തുകയോ രോഗിയെ അഡ്മിറ്റ് ചെയ്യുകയോ ചെയ്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ജനുവരി 29ന് സിന്ധുവിനെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. അവിടെ നിരവധി പരിശോധനകൾ നടത്തിയെങ്കിലും വ്യക്തമായ രോഗനിർണയം ഉണ്ടായില്ലെന്നതാണ് പ്രധാന ആരോപണം.

ഫെബ്രുവരി 6 വരെ മെഡിക്കൽ കോളെജിൽ ചികിത്സിച്ച ശേഷം 14 ദിവസത്തേക്കുള്ള ഇൻജക്ഷൻ ചികിത്സയ്ക്കായി സിന്ധുവിനെ വീണ്ടും ജില്ലാ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തതായി പറയുന്നു. എന്നാൽ, മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആവശ്യമായ മരുന്നുകൾ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് ഇൻജക്ഷൻ നിർത്തിയതായും, ഇതോടെ ചികിത്സ തുടർച്ചയായി ലഭിക്കാതായതായും പരാതിയിൽ പറയുന്നു.

തുടർന്ന് വീണ്ടും ഫെബ്രുവരി 17ന് സിന്ധുവിനെ കോട്ടയം മെഡിക്കൽ കോളെജിൽ അഡ്മിറ്റ് ചെയ്യുകയും പരിശോധനകൾ നടത്തുകയും ചെയ്തു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഫെബ്രുവരി 23ന് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും, അടുത്ത ദിവസം ഐസിയുവിൽ തുടരേണ്ട സാഹചര്യമില്ലെന്ന കാരണം പറഞ്ഞ് വാർഡിലേക്കു മാറ്റിയതായും പരാതിയിൽ പറയുന്നു. പിന്നീട് ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചുവെന്നും ആരോപണമുണ്ട്.

തുടർന്ന് തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനകളിലാണ് അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) എന്ന ഗുരുതരമായ രോഗം കണ്ടെത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.