Spread the love

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ ഞെട്ടിക്കുന്ന ശബ്ദ രേഖ പുറത്ത് വിട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍.

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതി തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ദുരനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിന്റെ ഓഡിയോയാണ് ചാനല്‍ പുറത്ത് വിട്ടത്. ഗര്‍ഭഛിദ്രത്തിന് മരുന്ന് ഉപയോഗിച്ചതിന് ഡോക്ടര്‍ വഴക്ക് പറഞ്ഞതായി ശബ്ദ സന്ദേശത്തില്‍ യുവതി വെളിപ്പെടുത്തുന്നുണ്ട്.

‘ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത് നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്. പ്രിസ്‌ക്രിപ്ഷന്‍ പോലും ഇല്ലാതെ, ഒരു സ്‌കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ, നിങ്ങള്‍ അത്രയും പീക്ക് ആയി നില്‍ക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്’ എന്ന് ഡോക്ടര്‍ ചോദിച്ചതായും യുവതി വെളിപ്പെടുത്തുന്നുണ്ട്. കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കില്‍ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു എന്ന് പറയുന്ന യുവതി വേദനയോടെയാണ് സംഭവങ്ങള്‍ വിവരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കിയത്. ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്‍കി. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതി മുഖ്യമന്ത്രി സ്വീകരിച്ചതിന് പിന്നാലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു.

യുവതിയുടെ പരാതിക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയെന്നാണ് വിവരം. പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടച്ചു.

നേരത്തെ ഗര്‍ഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു. ‘ഹൂ കെയേഴ്സ്’ എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം.

കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കും പാലക്കാട്ടുകാര്‍ക്കും ഇല്ലാത്ത പ്രശ്നം മാധ്യമങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു ധാര്‍ഷ്ട്യത്തോടെയുളള രാഹുലിന്റെ മറുപടി.

ഹൂ കെയേഴ്‌സ് എന്ന ആറ്റിറ്റിയൂഡ് ഉള്ള യുവരാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് മാധ്യമ പ്രവര്‍ത്തകയും അഭിനേത്രിയുമായ റിനി ആന്‍ ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലാണ് ആദ്യം പുറത്ത് വന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറഞ്ഞിരുന്നില്ലെങ്കിലും റിനി പറഞ്ഞ യുവ രാഷ്ട്രീയ നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണെന്ന നിലയിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്.

ഇതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്ത ഭാഗം റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ടിരുന്നു. യുവതിയുമായി രാഹുല്‍ നടത്തിയ വാട്ട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകളാണ് റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടത്.
ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും യുവതിയോട് രാഹുല്‍ പറയുന്നുണ്ട്. അമിത രക്തസ്രാവവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് യുവതി പറഞ്ഞപ്പോള്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ തന്നെയാണ് എന്നാണ് രാഹുല്‍ പറഞ്ഞത്. എന്റെ തലയില്‍ ഇട്ടിട്ട് ഒഴിഞ്ഞുമാറുകയാണോ എന്നും കേറിചെന്ന ഉടന്‍ ഡോക്ടര്‍മാര്‍ മരുന്ന് നല്‍കില്ലെന്നും എത്രനാള്‍ ഇത് മൂടിവെച്ച് താന്‍ നടക്കുമെന്നും യുവതി രാഹുലിനോട് വാട്ട്‌സാപ്പിലൂടെ ചോദിക്കുന്നുണ്ട്. എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയും വയറ്റിലുളള കുഞ്ഞിനോടുളള ഇഷ്ടവും, അതിനിടയില്‍ വീര്‍പ്പുമുട്ടുകയാണെന്നും താന്‍ ഒരു സ്ത്രീയാണെന്നും യുവതി പറഞ്ഞപ്പോള്‍ എങ്കില്‍ നീ തന്നെ പ്രശ്‌നം തീര്‍ക്കൂ എന്നായിരുന്നു രാഹുലിന്റെ മറുപടി.

വിവാഹം കഴിക്കുമെന്ന ഉറപ്പില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് ഒരു യുവതി റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു.
ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അതേ ദിവസം തന്നെ എനിക്ക് കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് രാഹുല്‍ പറഞ്ഞു. മുന്നോട്ടേക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കല്യാണം കഴിച്ചാല്‍ അത് ബുദ്ധിമുട്ടാകും. എനിക്ക് അവൈലബിള്‍ ആയിരിക്കാന്‍ പറ്റില്ല. നമുക്ക് കുട്ടിയുണ്ടാകുകയാണെങ്കില്‍ ആ കുട്ടിയുടെ കൂടെ സമയം ചെലവഴിക്കാന്‍ പറ്റില്ല. അങ്ങനൊരു ബിസി ലൈഫാണ് എന്റേത്. അതുകൊണ്ട് കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. മാനസികമായി ബുദ്ധിമുട്ടുണ്ടായി എന്നായിരുന്നു യുവതിയുടെ പ്രതികരണം.

യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി രാഹുല്‍ രംഗത്ത് ഇറങ്ങിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.