ദില്ലി/തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംരക്ഷിക്കില്ല. രാഹുലിനെ പുറത്താക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. കെപിസിസി ശുപാര്‍ശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കും.
അതേസമയം കോൺഗ്രസിനുള്ളിൽനിന്നുതന്നെ ശക്തമായ സമ്മർദം ഉയരുന്ന സാഹചര്യത്തിൽ എംഎഎൽഎ സ്ഥാനം രാജിവെക്കുകയല്ലാതെ രാഹുലിനും പാർട്ടി നേതൃത്വത്തിനും മുന്നിൽ മറ്റുവഴികളില്ലെന്ന നിലയിലാണ് കാര്യങ്ങൾ എന്നാണ് പുറത്തുവരുന്ന വിവരം. മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കേയാണ് മറ്റൊരു യുവതിയുടെ പരാതികൂടി പുറത്തുവരികയും രാഹുലിനു മേലുള്ള സമ്മർദം അതിരൂക്ഷമാകുകയും ചെയ്തിതിരിക്കുന്നത്.
യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കേ വീണ്ടും പീഡന പരാതി ഉയര്‍ന്നതോടെയാണ് കോണ്‍ഗ്രസിനു മുന്നില്‍ മറ്റ് വഴികളില്ലാതെയത്. ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം ഇ-മെയിലില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചത്. താന്‍ നേരിട്ടത് ക്രൂരലൈംഗിക പീഡനമാണെന്ന് പരാതിയില്‍ പറയുന്നു. ഇതോടെ രാഹുലിനെതിരേ കടുത്ത വിമര്‍ശനവുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തി.

