കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിന് പിന്നാലെ ഹിജാബ് നിരോധനം ഉള്‍പ്പെടെ മതസ്വാതന്ത്രം വിലക്കുന്ന സ്കൂളുകളെ കണ്ടെത്താന്‍ സമസ്തയുടെ നീക്കം തുടങ്ങി.
സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്കെഎസ്എസ്എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക ക്യാംപയിന് സംഘടിപ്പിക്കാനാണ് നീക്കം. ഹിജാബ് ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രധാരണം ഉള്‍പ്പെടെ തടയുന്ന സ്കൂളുകള്‍, കോളജുകള്‍ എന്നിവ കണ്ടെത്തുകയാണ് നീക്കം. ഗൂഗിള്‍ ഫോം ഉള്‍പ്പെടെ തയ്യാറാക്കിയാണ് സംഘടനയുടെ വിവര ശേഖരണം.
മത സ്വാതന്ത്ര്യം വിലക്കുന്ന സ്കൂളുകളെ തുറന്നുകാട്ടുക എന്നതാണ് ക്യാംപയിനിന്റെ ലക്ഷ്യം. എസ്കെഎസ്എസ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി സത്താര്‍ പന്താവൂര്‍ ഫെയ്സ്ബുക്കിലൂടെ ഗൂഗിള്‍ ഫോം പങ്കുവച്ച് ഇക്കാര്യം വ്യക്തമാക്കുന്നു.
എസ്കെഎസ്എസ്എഫ് നടത്തുന്ന സര്‍വേയിലൂടെ കണ്ടെത്തുന്ന വിവരങ്ങള്‍ പൊതുമധ്യത്തില്‍ വെളിപ്പെടുത്തും. സ്കൂള്‍ യൂണിഫോമിനോടൊപ്പം മതവിശ്വാസമനുസരിച്ച് ഹിജാബ് ധരിച്ചെന്ന കാരണത്താല്‍ പള്ളുരുത്തി റിത്താസ് സ്കൂളിന്റെ നടപടിയില്‍ വിവാദം തുടരുന്നതിനിടെ രൂക്ഷവിമര്‍ശനമാണ് കഴിഞ്ഞ ദിവസം സമസ്ത ഉയര്‍ത്തിയത്. മുഖപത്രമായ സുപ്രഭാതത്തിലെ എഡിറ്റോറിയലില്‍ ആയിരുന്നു സമസ്ത നിലപാട് വ്യക്തമാക്കിയത്.
ഹിജാബിനെ അപരിഷ്കൃതമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഹിജാബ് ധരിച്ച കുട്ടിയ്ക്കൊപ്പം ഇടപെടാന്‍ മറ്റ് കുട്ടികള്‍ക്ക് ഭയമാണെന്ന സ്കൂള്‍ അധികൃതരുടെ വാദം നിഷ്കളങ്കമല്ല. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാനും കഴിയില്ല. കേരള സമൂഹത്തില്‍ പിടിമുറുക്കുന്ന വര്‍ഗീയ നിലപാടുകളുടെ ഉദാഹരണമാണിതെന്നും സമസ്ത മുഖപത്രം ആരോപിച്ചിരുന്നു.

