കാൺപൂർ: ഉത്തർപ്രദേശിലെ കാൺപുരിൽ കോടതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യചെയ്ത് യുവാവ്. 23 വയസ്സുകാരനായ അഭിഭാഷകൻ പ്രിയാൻഷു ശ്രീവാസ്തവ ആണ് അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചത്. അഭിഭാഷകൻ ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് തന്റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെ പിതാവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന കത്ത് ഇയാൾ പങ്കുവെച്ചിരുന്നു.
തന്നെ വർഷങ്ങളായി പിതാവ് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ആ ശ്വാസംമുട്ടലിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു.മക്കളെ അമിതമായി പീഡിപ്പിക്കരുതെന്ന് മറ്റുള്ള മാതാപിതാക്കളോട് പ്രിയാൻഷു ഈ കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്.
‘തന്റെ ആറാം വയസ്സിൽ ഫ്രിഡ്ജിൽ നിന്ന് ചോദിക്കാതെ മാംഗോ ജ്യൂസ് എടുത്തു കുടിച്ചതിന് എന്നെ നഗ്നനാക്കി വീടിന് പുറത്താക്കി. മാതാപിതാക്കൾ കുട്ടികളോട് കർക്കശക്കാരാകണം, എന്നാൽ അത് ശ്വാസംമുട്ടിക്കുന്ന രീതിയിലാകരുത്,’ പ്രിയാൻഷു കുറിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും പിതാവ് നിർബന്ധിച്ച് കമ്പ്യൂട്ടർ സയൻസ് പഠിപ്പിച്ചു. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അനാവശ്യമായ ഇടപെടലുകൾ പിതാവ് നടത്തിയിരുന്നുവെന്നും ഇത് തന്നെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും യുവാവ് പറയുന്നു.
കത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്; ‘ആരോടും ചോദിക്കാതെ ഫ്രിഡ്ജിൽ നിന്ന് മാംഗോ ജ്യൂസ് എടുത്തപ്പോൾ എനിക്ക് വെറും ആറ് വയസായിരുന്നു. അതിന്റെ പേരിൽ എന്നെ വസ്ത്രം അഴിച്ച് വീടിന് പുറത്താക്കി. മാതാപിതാക്കൾ മക്കളോട് കർക്കശമായി പെരുമാറണമെന്ന് എനിക്കറിയാം, പക്ഷേ അത് അവരുടെ ശ്വാസം മുട്ടിക്കുന്ന രീതിയിലാകരുത്. ഇതിൽ നിന്നെല്ലാം മോചിതനായി ജീവിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു, പക്ഷേ അതിന് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.’
തനിക്ക് ഫിസിക്കൽ എജ്യുക്കേഷൻ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും പിതാവ് നിർബന്ധിച്ച് കമ്പ്യൂട്ടർ സയൻസ് പഠിപ്പിച്ചു എന്നും ഇത് തന്റെ പഠനത്തെ ബാധിച്ചു എന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. പിതാവ് തന്നെ പൊതുസ്ഥലത്തുവെച്ച് അപമാനിക്കുകയും തന്റെ ദൈനംദിന ജീവിതം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും താൻ എപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നുവെന്നും അത് കടുത്ത സമ്മർദ്ദത്തിന് കാരണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ എങ്ങോട്ടാണ് പോകുന്നത്, എപ്പോൾ വരും, ഫോണിൽ ആരോടാണ് സംസാരിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ അദ്ദേഹം എപ്പോഴും ചോദിക്കുമായിരുന്നു. എന്റെ ജീവിതത്തിലെ അനാവശ്യമായ ഇടപെടലുകൾ ശ്വാസം മുട്ടിക്കുന്നതായിരുന്നു. ഇനിയും ഇത് സഹിച്ചു ജീവിക്കാൻ എനിക്ക് കഴിയില്ല. ദിവസവും ശ്വാസം മുട്ടി ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരിക്കലായി മരിക്കുന്നതാണ്.’
മറ്റ് മാതാപിതാക്കളോടായി ഒരു വൈകാരികമായ അപേക്ഷയും പ്രിയാൻഷു തന്റെ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘എല്ലാ മാതാപിതാക്കളോടും എനിക്ക് ഒരു അപേക്ഷയുണ്ട്: നിങ്ങളുടെ കുട്ടികളെ അവർക്ക് താങ്ങാൻ കഴിയുന്ന അത്രയും മാത്രം പീഡിപ്പിക്കുക. എന്റെ ശരീരത്തിൽ തൊടാൻ എന്റെ പിതാവിനെ അനുവദിക്കരുത്. എന്റെ കുടുംബത്തെ ബാധിക്കാതിരിക്കാൻ അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും എടുക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതുപോലൊരു അച്ഛനെ ആർക്കും ലഭിക്കരുത്. ഞാൻ തോറ്റു, പപ്പ ജയിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.’
സിസിടിവി ദൃശ്യങ്ങൾ പ്രകാരം സംഭവത്തിന് തൊട്ടുമുമ്പ് പ്രിയാൻഷു ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനുശേഷമാണ് കോടതി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് അദ്ദേഹം ചാടിയത്. എത്രയുംവേഗം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കോടതി പരിസരത്ത് നടന്ന ഈ സംഭവം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.
പ്രിയാൻഷു പൊതുവെ ശാന്തസ്വഭാവക്കാരനായിരുന്നു എന്ന് മറ്റ് അഭിഭാഷകർ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പ്രിയാൻഷുവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. അഭിഭാഷകൻ കൂടിയായ പ്രിയാൻഷുവിന്റെ പിതാവ് കടുത്ത ആഘാതത്തിലാണെന്നും സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

