Spread the love

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രം​ഗത്ത്. തന്നെ രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ചാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ പുതിയ പരാതി എത്തിയിരിക്കുന്നത്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം.

അതേസമയം തന്നെ മനഃപൂര്‍വം ചതിക്കാനുള്ള തന്ത്രമായിരുന്നു രാഹുലിന്റേത് എന്നാണ് യുവതി പരാതിയിൽ‌ പറയുന്നത്. ബലാത്സംഗത്തിനു ശേഷം ഒരു മനഃസാക്ഷിയും ഇല്ലാതെ പെട്ടെന്ന് ഒരുങ്ങി അവിടെ നിന്നു പോകാനാണ് രാഹുല്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടികളെ ചതിക്കാന്‍ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക വേട്ടക്കാരനാണെന്നും യുവതി പരാതിയിൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമതൊരു പരാതി കൂടി വന്നതോടെ കോൺഗ്രസ് കൂടുതൽ വെട്ടിലായി. കൂടുതൽ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നു.

തനിക്ക് വര്‍ഷങ്ങളായി രാഹുലിനെ അറിയാം. 2023 സെപ്റ്റംബറില്‍ രാഹുല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം പുതുക്കി. തുടര്‍ന്ന് എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ അറിയിച്ചു. എന്റെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്കു രാഹുലിന്റെ രാഷ്ട്രീയ ജീവിതം തടസമാകില്ലെന്നും പറഞ്ഞു. ഇക്കാര്യം കുടുംബത്തെ അറിയിച്ചപ്പോള്‍ ആദ്യം സമ്മതിച്ചില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയപ്പോള്‍ കുടുംബം വിവാഹത്തിനു സമ്മതം മൂളി. ഇക്കാര്യം അറിയിച്ചപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം വീട്ടില്‍ വരാമെന്ന് രാഹുല്‍ സമ്മതിച്ചു. എന്നാൽ അവധിക്കു നാട്ടിലേക്കു വന്നപ്പോള്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വകാര്യമായി കാണണമെന്നു പറഞ്ഞു. തുടര്‍ന്ന് ഫെനി നൈനാന്‍ എന്ന സുഹൃത്ത് ഓടിച്ച കാറിലാണ് രാഹുല്‍ വന്നത്.

തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് തന്നെ കൊണ്ടുപോയി. ഹോം സ്‌റ്റേ പോലുള്ള ഒരു കെട്ടിടം സുഹൃത്തിന്റേതാണെന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുലിനെ വിശ്വസിച്ചാണ് റൂമിലേക്കു പോയത്. എന്നാല്‍ മുറിയില്‍ കടന്നപ്പോള്‍ ആളുടെ മട്ടാകെ മാറി. ബലംപ്രയോഗിച്ച് ശാരീരികബന്ധത്തിനു ശ്രമിച്ചു. ചെറുത്തെങ്കിലും നമ്മൾ വിവാഹം കഴിക്കാന്‍ പോകുന്നവരാണെന്നും അതില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് എതിര്‍പ്പ് അവഗണിച്ച് ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതോടെ എനിക്കു ശ്വാസതടസം ഉണ്ടാകുകയും മരുന്നു കഴിക്കേണ്ടിവരികയും ചെയ്തു. തൻ നേരിട്ടത് ക്രൂരമായ ആക്രമണമാണ്. ആക്രമണത്തില്‍ ശരീരത്തു മുറിവുകള്‍ ഉണ്ടായി. ഇതിനു ശേഷം വിവാഹത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ ഇപ്പൊ തനിക് ആരെയും വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും രാഷ്ട്രീയ ഭാവിക്ക് അതു ദോഷം ചെയ്യുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.