Spread the love

ന്യൂഡൽഹി : യാസിനെ ചേർത്തുപിടിച്ചു സ്വീകരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തന്റെ സ്വപ്നം പൂവണിഞ്ഞതിൽ സന്തോഷ കണ്ണീർ തുടച്ച് യാസീൻ.

 

ന്യൂഡൽഹിയിലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വസതി കാത്തിരുന്ന സമാഗമത്തിന് വേദിയാവുകയായിരുന്നു ഇന്നലെ. കുഞ്ഞു യാസിൻ്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു സുരേഷ് ഗോപിയെ ഒന്നു നേരിൽ കാണുക എന്നത്

 

ഭാരത സർക്കാരിൻറെ ശ്രേഷ്ഠ ദിവ്യാങ് പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും സ്വീകരിക്കാൻ ന്യൂഡൽഹിയിലെത്തിയ യാസിനെ സുരേഷ് ഗോപി വസതിയിലേക്ക് ക്ഷണിച്ചു. ഒരുമിച്ചു പ്രഭാത ഭക്ഷണം കഴിച്ചു. പിന്നെ വിശേഷങ്ങൾ തിരക്കി.

 

സംഗീത പ്രതിഭയ്ക്ക് തിളക്കമേറ്റാൻ ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ ചേർക്കാമെന്ന എന്ന ഉറപ്പും കേന്ദ്രമന്ത്രി നൽകി. ഒപ്പം ഓച്ചിറയിലെ വസതിയിൽ സ്നേഹ സന്ദർശനം നടത്തുന്നതാണെന്നും സുരേഷ് ഗോപി യാസിനെ അറിയിച്ചു.

 

യാസിനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ബഹുമുഖ പ്രതിഭയായ യാസിനെ പരിചയപ്പെടുത്തിയ ബിജെപി നേതാവ് എൻ. ഹരിക്ക് സുരേഷ് ഗോപി പ്രത്യേക നന്ദിയും അറിയിച്ചു.

 

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഭവന സന്ദർശന വേളയിലാണ് കായംകുളം ദേവികുളങ്ങരയിലെ വസതിയിൽ വച്ച് യാസിനെ എൻ.ഹരി കണ്ടുമുട്ടുന്നത്. കമ്മീഷണർ സിനിമയിലെ പോലീസ് അങ്കിളിന്റെ ആരാധകനായ യാസിന് അപ്പോൾ തന്നെ വീഡിയോ കോളിലൂടെ സുരേഷ് ഗോപിയുമായി കണ്ടു സംസാരിക്കുന്നതിനും അവസരം ഒരുക്കി.

 

തുടർന്നാണ് ഡിസംബർ മൂന്നിന് രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം സ്വീകരിക്കാനുള്ള യാത്രയിൽ തൻറെ വസതിയിൽ പ്രഭാത ഭക്ഷണത്തിനായി യാസിനെയും കുടുംബത്തെയും സുരേഷ് ഗോപി ക്ഷണിച്ചത്.

 

പറയുന്ന വാക്ക് പാലിക്കുകയും സാധാരണ ജനങ്ങളുടെ ഹൃദയ അഭിലാഷങ്ങൾക്കൊപ്പം എന്നും ചേർന്നുനിൽക്കുന്ന ജനപ്രതിനിധിയാണ് സുരേഷ് ഗോപി എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് എൻ.ഹരി അഭിപ്രായപ്പെട്ടു. യാസിനും കുടുംബവുമായി ഉള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ കേന്ദ്രമന്ത്രിക്ക് ഹരി കൃതജ്ഞതയും അർപ്പിച്ചു.