തിരുവനന്തപുരം: ശംഖുമുഖത്ത് നടക്കുന്ന നാവികസേനാ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു തിരുവനന്തപുരത്ത് എത്തും. വൈകുന്നേരം 4.30 ന് ഗാര്‍ഡ് ഓഫ് ഓണര്‍. 5.15 ന് രാഷ്ട്രപതി പ്രധാന വേദിയിലെത്തുന്നതോടെ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങള്‍ നടക്കും. വൈകിട്ട് 6.38 ന് നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ.ത്രിപാഠിയും 6.45 ന് രാഷ്ട്രപതിയും ആഘോഷത്തെ അഭിസംബോധന ചെയ്യും. 7 മണിയോടെ രാഷ്ട്രപതി ലോക് ഭവനിലേക്കു തിരിക്കും.
ക്ഷണിക്കപ്പെട്ട അതിഥികള്‍ ഉള്‍പ്പെടെ പാസ് നല്‍കിയിട്ടുള്ള 10,000 പേര്‍ക്ക് മാത്രമാണ് ശംഖുമുഖം തീരത്തെ പവിലിയനുകളില്‍ 2 മണി മുതല്‍ പ്രവേശനം അനുവദിക്കുക. പാസ് ഇല്ലാത്തവര്‍ക്ക് പ്രധാന വേദിക്കു വടക്കു ഭാഗത്തായി വെട്ടുകാട് വരെയുള്ള കടല്‍ത്തീരത്താണ് പ്രവേശനം . തലസ്ഥാന നഗരത്തിലും ദേശീയ, തീരദേശ പാതകളിലും ഇന്നു ഗതാഗത നിയന്ത്രണമുണ്ട്.
നാവികസേനാ ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ ഗതാഗത ക്രമീകരണം. പരിപാടി കാണാന്‍ പാസില്ലാത്ത പൊതുജനങ്ങള്‍ക്കു നഗരത്തിലെ നിര്‍ദിഷ്ട ഗ്രൗണ്ടുകളില്‍ വാഹനം പാര്‍ക്ക് ചെയ്ത് അവിടെനിന്നു കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകളില്‍ വെട്ടുകാട് ഇറങ്ങാം. പരിപാടിക്കുശേഷം വെട്ടുകാട് ഭാഗത്തുനിന്നുതന്നെ ബസുകളില്‍ മടങ്ങാം.

