Spread the love

 

വൈദ്യുതി പ്രതിസന്ധിയും പവര്‍കട്ടും നീളും, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ അന്തിമ തീരുമാനമായില്ല

ദേശീയ താപവൈദ്യുത നിലയത്തില്‍ നിന്ന് (എന്‍ടിപിസി) നിന്ന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതില്‍ അന്തിമ തീരുമാനമായില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇത്രയും വില നല്‍കി വൈദ്യുതി വാങ്ങിയാല്‍ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇതിന് മന്ത്രിസഭയുടെ അനുമതി വേണമെന്നും മന്ത്രി അറിയിച്ചു.

എല്ലാ വഴികളിലൂടെയും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പവര്‍കട്ട് എന്നുവരെ തുടരുമെന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എത്രയും വേഗത്തില്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

30 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്ന് കഴിഞ്ഞദിവസം സണ്ണി ജോസഫ് പറഞ്ഞിരുന്നു. ‘പണത്തെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ട് കാര്യമില്ല, പവറാണ് വേണ്ടത്. 25 വര്‍ഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതല്‍ 4.29 രൂപ വരെ നിരക്കില്‍ 465 മെഗാവാട്ട് വൈദ്യുതി കിട്ടുമായിരുന്ന കരാറാണ് റദ്ദാക്കിയത്. ഇപ്പോള്‍ 30 രൂപയ്ക്ക് വാങ്ങേണ്ട അവസ്ഥയാണ്. റദ്ദാക്കിയ കരാര്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. കെഎസ്ഇബി ചെയര്‍മാനെ ഇതുസംബന്ധിച്ച് ചുമതലപ്പെടുത്തിയിട്ടുണ്ട്.

കേരളത്തില്‍ ചൂട് കൂടിയപ്പോള്‍ വൈദ്യുതി കടമായിട്ടായിരുന്നു വാങ്ങിയത്. അതിപ്പോള്‍ തിരിച്ചുകൊടുക്കണം. കരാര്‍ റദ്ദാക്കിയത് തെറ്റായ തീരുമാനമാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞില്ലേ? കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് വൈദ്യുതി കടമായി വാങ്ങിയത്. അങ്ങനെ അല്ലായിരുന്നെങ്കിലിപ്പോള്‍ വൈദ്യുതി കടം വാങ്ങേണ്ട സാഹചര്യമില്ലായിരുന്നു. വൈദ്യുതി വാങ്ങാന്‍ മനുഷ്യസാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കും’- മന്ത്രി വ്യക്തമാക്കി.

ഇതിനിടെ വൈദ്യുതി വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ് കെഎസ്ഇബി. ഒക്ടോബര്‍ – ഡിസംബര്‍ കാലയളവിലേക്കാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. പീക്ക് സമയത്ത് 600 മെഗാവാട്ടിനും ഓഫ് പീക്ക് സമയത്ത് 900 മെഗാവാട്ടിനുമാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.