കാഞ്ഞിരപ്പള്ളി ∙ കൂവപ്പള്ളിയിലെ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കോട്ടയം കൂവപ്പള്ളിയിൽ യുവതിയെ കഴുത്തറുത്ത് കൊന്നശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. ഇടുക്കി കല്ലാർഭാഗം സ്വദേശി ഷേർളി മാത്യുവും കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സകറിയയും ആണ് മരിച്ചത്.
ജോബുമായി താൻ വഴക്കുണ്ടാക്കിയെന്നും തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഷേർലി മറ്റൊരു സുഹൃത്തിനെ ഞായറാഴ്ച വൈകിട്ട് ഫോണിലൂടെ അറിയിച്ചിരുന്നു. ഇദ്ദേഹം രാത്രി തിരികെ വിളിച്ചെങ്കിലും ഷേർലി ഫോൺ എടുക്കാതെ വന്നതോടെ ആണ് പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ വീടിന്റെ കിടപ്പുമുറിയിൽ നിലത്ത് ഷേർലിയെ രക്തം വാർന്നു മരിച്ചനിലയിലും ഹാളിൽ സ്റ്റെയർകെയ്സ് കമ്പിയിൽ ജോബിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
ആറ് മാസം മുൻപാണ് ഷേർളി കൂവപ്പള്ളിയിലേക്ക് താമസം മാറിയത്. തുടർന്ന് ഇവർ ജോബ് സക്കറിയയുമായി അടുപ്പത്തിലാവുകയായിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും ഇത് സംബന്ധിച്ച് തർക്കങ്ങൾ പതിവായിരുന്നതായും പോലീസ് പറഞ്ഞു. കൂടാതെ ഷേർളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജോബ് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.
ഈ വിഷയങ്ങളെച്ചൊല്ലിയുണ്ടായ തർക്കങ്ങളെ തുടർന്ന് ജോബിനെതിരെ ഷേർളി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും സൂചനയുണ്ട്. അതേസമയം ഷേർലി ആരാണെന്ന് സമീപവാസികൾക്ക് ആർക്കും അറിവില്ല. ഭർത്താവ് മരിച്ചുപോയി, ഭർത്താവ് ഉണ്ട്, മക്കൾ വിദേശത്താണ്, ഒരു മകൾ മരിച്ചു പോയി അങ്ങനെ പല ‘കഥ’കളാണു പലരോടും പറഞ്ഞിട്ടുള്ളത്. കൂടെയുള്ള ജോബ് സഹോദരനാണെന്നും അയൽവാസികളോടു പറഞ്ഞിട്ടുണ്ട്. ജോബ് കോട്ടയത്ത് ട്യൂഷൻ സെന്റർ നടത്തുകയാണെന്നും അയൽക്കാരോടു പറഞ്ഞിരുന്നു. വീടുനിർമാണ സമയത്ത് ഷേർലിക്ക് ഒപ്പമുണ്ടായിരുന്ന ഒരാൾ ഭർത്താവാണെന്നും പറയപ്പെടുന്നു.

