Spread the love

പൂഞ്ഞാര്‍ അച്ചായന്റെ വഷളന്‍ പ്രയോഗങ്ങള്‍ കടിഞ്ഞാണില്ലാതെ തുടരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെ പച്ചയ്ക്ക് അസഭ്യവര്‍ഷം, തന്തയ്ക്കു വിളി, മുതലാളിക്ക് റേറ്റിംഗ് കൂട്ടാന്‍ തെറിവിളിയും ആഘോഷമാക്കി മാധ്യമക്കൂട്ടം.

കോട്ടയം: ദീപിക ദിനപത്രത്തിനും ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്കും പിന്നാലെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെയും അധിക്ഷേപിച്ച് ജോര്‍ജിന്റെ വഷളന്‍ വാഗ്ധോരണി.കോട്ടയത്തെ സീനിയര്‍ മാധൃമപ്രവര്‍ത്തകനെയാണ് അയാളുടെ പിതാവിനു വിളിച്ച് പി.സി ജോര്‍ജ് അധിക്ഷേപിച്ചത്. മെത്രാന്‍മാരെ ആക്ഷേപിച്ചതിന്റെ പിറ്റേന്ന് പാലാ ബിഷപ്പ് ഹൗസില്‍ എത്തിയ പിസി ജോര്‍ജിനോട് പ്രതികരണം തേടുമ്പോഴാണ് മാധ്യമപ്രവര്‍ത്തകന്റെ അപ്പന് വിളിച്ചത്. ശൈലി മാറ്റുമോ എന്ന നിര്‍ദ്ദോക്ഷമായ ചോദ്യമാണ് ജോര്‍ജിനെ പ്രകോപിപ്പിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ഇത് രണ്ടാം തവണയാണ് പി സി മാധ്യമങ്ങളോട് കോട്ടയത്ത് തന്നെ വഷളന്‍ ഭാഷ പ്രയോഗിക്കുന്നത്.

പൂഞ്ഞാര്‍ അച്ചായന്റെ വൃത്തികെട്ട വാക് പ്രയോഗത്തിനുശേഷവും കൂടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ അത് കേള്‍ക്കാത്ത പോലെ കര്‍ത്തവ്യ നിര്‍വഹണം തുടര്‍ന്നു. ചിരിച്ചുകൊണ്ട് അവര്‍ അച്ചായനോട് ചോദ്യം ചോദിച്ചു കൊണ്ടേയിരുന്നു!.സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പങ്കുവെച്ചപ്പോള്‍ പ്രതികരണങ്ങളിലും മാധ്യമകൂട്ടത്തിന്റെ വര്‍ഗ്ഗബോധം ഇല്ലായ്മയെക്കുറിച്ച് വിമര്‍ശനമുയര്‍ന്നു. മാധ്യമപ്രവര്‍ത്തകനു നേരെ മോശമായി പ്രതികരിച്ചശേഷവും ഒരു കൂസലും ഇല്ലാതെ ചോദ്യം ചോദിക്കുകയും ഉടന്‍ തന്നെ പരസ്യമായി പ്രതിഷേധിക്കാതിരുന്നതുമാണ് സോഷ്യല്‍ മീഡിയ കമന്റുകളില്‍ പരിഹസിക്കപ്പെടുന്നത്. മൈക്കും പിടിച്ച് എന്തിന് ഇയാളുടെ അടുത്ത് പോയി എന്നുളള പ്രതികരണവും ഉണ്ട്.

ചെറു പ്രതിഷേധം പോലും തല്‍സമയം പ്രകടിപ്പിക്കപ്പെട്ടില്ല. പ്രതിഷേധിച്ച് ഒരു വാക്കുപോലും തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന മാധ്യമസമൂഹം നല്‍കിയില്ല.തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി നല്‍കാതിരുന്നപ്പോള്‍ എഴുന്നേറ്റു നിന്നു പ്രതികരിച്ച മാധ്യമപ്രവര്‍ത്തരുടെ ധൈരൃം പോലും പിസിക്കുമുമ്പില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത സഹപ്രവര്‍ത്തകരുടെ നിലപാട് ഇതിനകം തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. സിപിഎം നേതാവും മുൻ എംപിയുമായ എ എൻ കൃഷ്ണദാസ് മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചപ്പോൾ സിപിഎം നേതൃത്വം തന്നെ അതിനെതിരെ രംഗത്ത് വന്നിരുന്നു.പിന്നീട് സ്വന്തം പ്രസ്താവനയിൽ നിന്ന് പിന്നോട്ട് പോവുകയും ചെയ്തു. പക്ഷേ പിസിയുടെ കാര്യത്തിൽ ഇത് രണ്ടും ഉണ്ടായിട്ടില്ല.

 

 

സഹപ്രവര്‍ത്തകരെ അഹവേളിച്ചാലും എങ്ങനെയും ചാനല്‍ റേറ്റിംഗ് കൂട്ടണമെന്ന ചാനല്‍ മേധാവികളുടെ നിലപാടിന് അറിയാതെ കീഴടങ്ങുകയായിരുന്നുവെന്ന ആക്ഷേപമാണ് പൊതുവിലുള്ളത്. പുറത്ത് ഇറങ്ങിയ ശേഷം നാലുവരി പ്രസ്താവനയില്‍ വീട്ടിലിരുന്നു പ്രതിഷേധിക്കാനാണ് ഇപ്പോള്‍ താല്‍പര്യം. മാധ്യമ ഗ്രൂപ്പുകളില്‍ മാറി മാറി ഇട്ട് ഇവര്‍ക്ക് പ്രതിഷേധ ആത്മനിര്‍വൃതി അടയാം.

ജോര്‍ജിനും മകനും മുമ്പില്‍ ഏറാന്‍ മൂളി നില്ക്കുന്ന ഇവരുടെ ‘അച്ചടക്കം’ കേരളത്തിലും പുറത്തുമുള്ള മാധ്യമ ഗ്രൂപ്പുകളില്‍ ചര്‍ച്ചയായി. അഹങ്കാരവും ധാര്‍ഷൃവും മൂത്ത ജോര്‍ജിന്റെ തന്‍പ്രമാണിത്വവും അറു വഷളന്‍ വാക്പ്രയോഗങ്ങളും തുടരുന്നത് അംഗീകരിക്കാനാവില്ലന്ന നിലപാട് മാധ്യമപ്രവര്‍ത്തകര്‍ കര്‍ക്കശമാക്കാത്തതാണ് ജോര്‍ജിന് വളമായിരിക്കുന്നത്.ദീപികയിലുള്ള മാധ്യമപ്രവര്‍ത്തകരെയും ജോര്‍ജ് തന്തക്ക് പിറക്കാത്തവന്മാരെന്നാണ് പലവട്ടം വിശേഷിപ്പിച്ചത്. അവിടെയും പ്രതിഷേധത്തിന്റെ ഒരു വരിപോലും ദീപികയിലും കണ്ടില്ല! പരോക്ഷ വിമര്‍ശനവുമായി എഡിറ്റോറിയില്‍ എഴുതി ഒട്ടകപക്ഷീയെപോലെ തലപൂഴ്ത്തി എന്നും വിമര്‍ശനമുണ്ട്.