Spread the love

ആശ ഭോസ്ലെ (92) വിടവാങ്ങി. ഇനി മനസു നിറച്ച തേനൂറും ഗാനങ്ങള്‍ ഓര്‍മ.. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന ഗായികയ്ക്ക് ഇന്നലെ വൈകിട്ടോടെയാണ് ഹൃദയാഘാതം ഉണ്ടായത്. പിയാ തു അബ് തോ ആജാ, ജായിയേ ആപ് കഹാന്‍ ജായേഗംഗം, രംഗീല രേ, ഷരാര ഷരാര തുടങ്ങിയ എണ്ണമറ്റ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഇഷ്ടഗായികയായി മാറിയ വ്യക്തിത്വമാണ് ആശ ഭോസ്ലെയുടേത്. ലതാ മങ്കേഷ്‌കറുടെ സഹോദരിയാണ്.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ മകളായി 1933 -ല്‍ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തിലാണ് ആശ ജനിച്ചത്. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്‌കര്‍,ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍. കുടുംബത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് 16-ാം വയസില്‍ 31 വയസുള്ള ഗണ്‍പത്‌റാവു ഭോസ്ലെയെ വിവാഹം കഴിച്ചു.

‘മാഝാ ബാല്‍’ എന്ന ചലച്ചിത്രത്തില്‍ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയില്‍ തുടക്കം കുറിച്ചു. ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ഇവര്‍ക്ക് 2000-ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷണ്‍ പുരസ്‌കാരവും ആശയ്ക്ക് ലഭിച്ചിട്ടുണ്ട്.