ഇലക്ഷന്‍ ഫലം വരെ യുഡിഎഫ് ഭരണ പക്ഷം പോലെ പെരുമാറും, ലക്ഷ്യം ഫണ്ട് സമാഹരണം. മുഹമ്മദ് റിയാസ്
നിയമസഭാ ഇലക്ഷന്‍ ഫലം പ്രഖ്യാപിക്കുന്ന മേയ് നാലുവരെ യുഡിഎഫ് നേതൃത്വം ഭരണപക്ഷം പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുമെന്ന് സിപിഎം നേതാവ് മുഹമ്മദ് റിയാസ്. ഫണ്ട് സമാഹരണമാണ് അതിന്റെ ലക്ഷ്യമെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു.
മേയ് നാലു വരെ തങ്ങള്‍ ഭരണത്തില്‍ വരാന്‍ പോകുന്നു എന്ന പ്രതീതി യുഡിഎഫ് നേതൃത്വം സൃഷ്ടിക്കും. അതിന് പല കാരണങ്ങളുണ്ട്. ഒന്ന് നല്ല രീതിയില്‍ ഫണ്ട് സമാഹരണം നടത്താന്‍ സൗകര്യം ഉണ്ടാകും എന്നതാണ്. ഇത് കഴിഞ്ഞ തവണയും ഉണ്ടായിട്ടുണ്ട്. 2021ല്‍ വോട്ടെണ്ണുന്നതിന് മുമ്പ് വകുപ്പ് വിഭജനം വരെ അവര്‍ നടത്തിയിട്ടുണ്ട്. അന്നത്തെ യുഡിഎഫ് നേതൃത്വത്തിന്റെ പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ ഇതിനപ്പുറം ആണ് അവര്‍ പറഞ്ഞതെന്ന് കാണാന്‍ കഴിയും.
സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണം തുടരും. കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും. ബേപ്പൂരില്‍ 2021ല്‍ ആകെ ലഭിച്ച സര്‍വ്വകാല റെക്കോര്‍ഡ് ആയ 82,000 വോട്ടിനേക്കാള്‍ കൂടുതല്‍ നേടി വലിയ വിജയം എല്‍ഡിഎഫിന് ഉണ്ടാകും. തിരഞ്ഞെടുപ്പില്‍ ഒരു ന്യൂനപക്ഷ ഏകീകരണവും ഉണ്ടായിട്ടില്ല. വികസനവും പൊതു രാഷ്ട്രീയവുമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. കേരളത്തില്‍ നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവന്നതും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് വിജ്ഞാപനമിറക്കിയതും മതനിരപേക്ഷ മനസ്സുകളില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂലമായി നല്ല മതിപ്പ് സൃഷ്ടിച്ചു. യുഡിഎഫും ബിജെപിയും തമ്മില്‍ എന്ത് ഡീല്‍ ഉണ്ടാക്കിയാലും അതിനെ മറികടക്കാനുള്ള ജനകീയ പിന്തുണ എല്‍ഡിഎഫിനുണ്ട്.

