Spread the love

തിരുവനന്തപുരം: കേരളത്തിൽ 90 സീറ്റിലധികം നേടി മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ലെന്നും വോട്ടിംഗ് ശതമാനം കൂടാൻ കാരണം എസ്ഐആർ ആണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ടിന് ഘടകവിരുദ്ധമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫിന്റെ അവകാശവാദം നടക്കില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

 

‘ഉത്തരേന്ത്യയിൽ കാണുന്നതുപോലെയുള്ള ചില വൈകൃതങ്ങൾവരെ കേരളത്തിൽ കാണുകയുണ്ടായി. യുഡിഎഫും ബിജെപിയും പണം ഒഴുക്കി. പണം എറിഞ്ഞ് വോട്ട് പിടിക്കാനുള്ള ശ്രമം ഉണ്ടായി. എൽഡിഎഫ് ഉയർത്തിപ്പിടിച്ച രാഷ്‌ട്രീയനിലപാടുകൾക്ക് വലിയ രീതിയിൽ അംഗീകാരം ലഭിക്കുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 90ലധികം സീറ്റുകൾ നേടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയത്. ഇപ്രാവശ്യവും ഞങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ 90 സീറ്റുകളിലധികം നേടി വൻഭൂരിപക്ഷത്തോടെ മൂന്നാം ടേമിലേക്ക് കടക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.