പാക് ചരക്കു വിമാനം അറബിക്കടലിന് മുകളില്‍ കാണാതായി. തകര്‍ന്നതായി സംശയം
ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പാകിസ്ഥാനില്‍ രജിസ്ട്രര്‍ ചെയ്ത ചരക്ക് വിമാനം കാണാതായി. അഞ്ച് ജീവനക്കാര്‍ അടങ്ങിയ വിമാനത്തിന്റെ നാവിഗേഷന്‍ സംവിധാനത്തില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. കെ 2 എയര്‍വേയ്സിന്റെ ബോയിംഗ് 737 വിമാനമാണ് ഇന്നലെ കാണാതായത്. വിമാനം കറാച്ചിക്ക് തെക്കുപടിഞ്ഞാറായി അറബിക്കടലില്‍ തകര്‍ന്നുവീണിരിക്കാമെന്നാണ് നിഗമനം.വിമാനം കാണാതായ കാര്യം പാകിസ്ഥാന് വ്യോമയാന അധികൃതര്‍ സ്ഥിരീകരിച്ചു.
വിമാനം കണ്ടെത്തുന്നതിനായി വിവിധ ഏജന്‍സികള്‍ കടലില്‍ തെരച്ചില്‍ നടത്തിവരികയാണെന്ന് പാക് അധികൃതര്‍ അറിയിച്ചു. പക്ഷേ ഇതുവരെയും ഒന്നും കണ്ടെത്താനായില്ല. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഒര്‍മാരയ്ക്ക് സമീപം അറബിക്കടലിന് മുകളിലാണ് വിമാനം കാണാതായതെന്ന് പാക് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായതിന്റെ കാരണം വ്യക്തമല്ലെന്ന് വ്യോമയാന വിദഗ്ധന്‍ പറയുന്നു ഒരു വിമാനത്തിന് എന്ജിന് തകരാറുണ്ടായാല്‍ പോലും പെട്ടെന്ന് താഴേയ്ക്ക് വീഴുന്നതിന് പകരം അത് തെന്നിമാറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കെ 2 എയര്‍വേയ്സ് എങ്ങനെ പെട്ടെന്ന് താഴേയ്ക്ക് വീണുവെന്ന് മനസിലാക്കുന്നില്ലെന്ന് ഇമ്രാന് പറഞ്ഞു. തെരച്ചിലിനായി പാകിസ്ഥാന് സൈനിക, സിവിലിയന്‍ അധികാരികള്‍, വ്യോമ -നാവിക സേനകള്‍ എന്നിവരെ വിന്യസിച്ചിട്ടുണ്ട്.

