Spread the love

ആലുവ: കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. വടക്കഞ്ചേരി വാല്‍ക്കുളമ്പ് സ്വദേശിനി ലെനയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന പോസ്റ്റ്മോര്‍ട്ട്, ഇതോടെ ലെനയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തി.

മകളെ ആസൂത്രിതമായി വിഷം കൊടുത്തു കൊലപ്പെടുത്തിയതാണെന്നും ഇതിനുപിന്നില്‍ രണ്ടു യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് മുണ്ടപ്ലാക്കല്‍ ജോണ്‍ (റെജി) ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി

കഴിഞ്ഞ മാസമായിരുന്നു നാടിനെ നടുക്കിയ സംഭവം. നഴ്സിംഗുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനായി ആലുവയില്‍ പോകുന്നുണ്ടെന്ന് പറഞ്ഞാണ് ലെന വീട്ടില്‍ നിന്നിറങ്ങിയത്. മാര്‍ച്ച് 24-ന് ആലുവയില്‍ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ ലെനയ്ക്ക് കടുത്ത അസ്വസ്ഥതയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഇതിനിടെ ലെനയെ അര്‍ഷാദ്, സുഹൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലുവയിലെ നജാസ് ആശുപത്രിയില്‍ എത്തിച്ചത്

എന്നാല്‍ ഇവിടെ വെച്ച് ലെന മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് വീട്ടുകാരെ വിളിച്ച യുവാക്കളില്‍ ഒരാള്‍ താന്‍ ‘ഡോക്ടര്‍’ ആണെന്ന് വ്യാജേനയാണ് സംസാരിച്ചത്

ലെന സീരിയസ് ആണെന്ന് ആദ്യം അറിയിച്ച ഇവര്‍, മിനിറ്റുകള്‍ക്കുള്ളില്‍ മരണം സ്ഥിരീകരിച്ച് വീണ്ടും വിളിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായാണ് പിതാവിന് ലഭിച്ച വിവരം.

വിഷം ഉള്ളില്‍ച്ചെന്നാണ് ലെന മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.