എന്‍എസ്എസില്‍ മക്കത്തായം ?
കോട്ടയം: എന്‍എസ്എസില്‍ മക്കത്തായം. രാഷ്ട്രീയ പാര്‍ട്ടികളുടെ മക്കള്‍ പിന്തുടര്‍ച്ചാ സംസ്‌കാരത്തിലേക്ക് സംഘടനയും മാറുകയാണോ എന്ന സംശയം ഉയര്‍ത്തി ജനറല്‍ സെക്രട്ടറിയുടെ മകന്‍ അധികാര പദവിയിലേക്ക്.എന്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന പെരുന്ന ഉള്‍പ്പെടുന്ന ചങ്ങനാശേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഇന്‍ ചാര്‍ജ് പദത്തിലേക്ക് വാഴപ്പള്ളി മാധമമംഗലത്ത് എസ്. സുരേഷ്‌കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു.

യൂണിയന്‍ പ്രസിഡന്റായിരുന്ന ഹരികുമാര്‍ കോയിക്കല്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ്. ഹരികുമാര്‍ കോയിക്കലിന്റെ സംസ്‌കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചേര്‍ന്ന കമ്മറ്റി യോഗമാണ് പുതിയ തെരഞ്ഞെടുപ്പ് നടത്തിയത്. തിടുക്കത്തിലുളള തെരഞ്ഞെടുപ്പാണ് ഇതെന്ന വിമര്‍ശനം സംഘടനയ്ക്കുള്ളിലുണ്ട്. ചങ്ങനാശേരി താലൂക്ക് യുണിയന്‍ വൈസ്പ്രസിഡന്റായിരുന്നു സുരേഷ്‌കുമാര്‍. എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ മകനാണ്. സുരേഷ് കുമാറിന്റെ സഹോദരന്‍ എന്‍എസ്എസ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. കൂടാതെ സഹോദരി എന്‍എസ്എസ് കോളജ് അധ്യാപികയായിരുന്നു. പ്രിന്‍സിപ്പലായി വിരമിച്ചു.
എന്‍എസ്എസ് സ്ഥാപനങ്ങളില്‍ ജോലിക്ക് ഭാരവാഹികളുടെ ബന്ധുക്കള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന ആക്ഷേപം നേരത്തെയുണ്ട്. എന്നാല്‍ പിന്തുടര്‍ച്ചാ അവകാശം പോലെ പ്രധാന സംഘടനാ പദവികളില്‍മക്കള്‍ എത്തുന്നത് കുറവാണ്. പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാര്‍ മാത്രമാണ് ഇതിന് അപവാദം. ആര്‍. ബാലകൃഷ്ണപിളളക്കു ശേഷം ഗണേഷ് എന്‍എസ്എസ് സംഘടനാ രംഗത്ത് സജീവമായി,ഗണേഷിനെ അടുത്തയിടെ വിവാദത്തെ തുടര്‍ന്ന് പദവിയില്‍ അച്ചടക്ക നടപടിക്കു വിധേയമാക്കുകയും ചെയ്തു.
സമുദായാചാര്യന്‍ മന്നത്തു പത്മനാഭനു ശേഷം ഏറ്റവും അധികം കാലം 27 വര്‍ഷം ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ നാരായണപ്പണിക്കരുടെയോ മന്നത്തു കുടുംബത്തിലെയോ അടുത്ത ബന്ധുക്കള്‍ അധികാര പദവിയിലേക്ക് എത്തിയില്ല. എന്‍എസ്എസിന്റെ അടുത്ത ജനറല്‍ സെക്രട്ടറി പദം ആര്‍ക്കെന്ന ചോദ്യവും പുതിയ താലൂക്ക് യൂണിയന്‍ ഇന്‍ചാര്‍ജ് പദവി അവരോധത്തോടെ ഇതോടെ ഉയരുകയാണ്.

