നെല്ലിയാമ്പതി: തൃശ്ശൂരിൽനിന്നെത്തിയ വിനോദയാത്രാസംഘത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സുഹൃത്തിനെ പാടഗിരിപോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂര്‍ അരിമ്പൂര്‍ കുന്നത്തങ്ങാടി സ്വദേശി റിതുലിനെയാണ് (34) അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ അരിമ്പൂര്‍ ഉദയനഗര്‍ റോഡില്‍ മാളോക്കാരന്‍ ജെയിംസാണ് (46) ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്നത്. പോലിസ് അന്വേഷണത്തില്‍ജയിംസിന്റേത് അപകടമല്ലെന്നും വഴക്കിനിടെ റിതുല്‍ തള്ളിയിട്ടതാണെന്നും തെളിഞ്ഞതോടെയാണ് അറസ്റ്റ്.
ബസ് ജീവനക്കാരനായ സുഹൃത്തിന് ഭാഗ്യക്കുറിസമ്മാനം കിട്ടിയിരുന്നു. ഇത് ആഘോഷമാക്കാനാണ് ഒൻപതുപേരടങ്ങുന്ന സംഘം ജനുവരി 25-ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രവന്നത്. ഇവർ ജീപ്പിൽ കാരപ്പാറ തൂക്കുപാലത്തിനുസമീപത്ത് പോവുകയും പുഴയിലിറങ്ങി കുളിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നതായി പറയുന്നു. എന്നാൽ ഇതിനിടെ സുഹൃത്തുക്കൾതമ്മിൽ വഴക്കുണ്ടായി. ജീപ്പ് ഡ്രൈവർ ഇവരുമായി നൂറടിയിലേക്ക് വരുന്നതിനിടെ ജീപ്പിൽവെച്ച് വീണ്ടും വഴക്കുണ്ടായി. ഡ്രൈവർ ജീപ്പ് നിർത്തിയതോടെ ജെയിംസിനെ ജീപ്പിൽനിന്ന് തള്ളിയിടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റതിന്റെ യഥാർഥ കാരണം സുഹൃത്തുക്കൾ വീട്ടുകാരെ അറിയിക്കാതെ മറച്ചുവെക്കുകയും വ്യത്യസ്ത അഭിപ്രായങ്ങൾ പറയുകയുമായിരുന്നു. ഇതോടെയാണ് ജെയിംസിന്റെ വീട്ടുകാർ പാടഗിരിപോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സത്യം പുറത്ത് വന്നു

