Spread the love

കോട്ടയം: എസ്എന്‍ഡിപി-എന്‍എസ്എസ് രണ്ടാം ഐക്യ നീക്കം പാളിയത് പത്മയില്‍ തട്ടിയോ… കേരളത്തിലെ പ്രബല സാമുദായിക സംഘടനയായ എൻഎസ്എസ് നേതാക്കൾക്ക് കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഭാരതത്തിൻറെ ഉയർന്ന ബഹുമതികൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. അതേസമയം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്ക് അത് ലഭിക്കുകയും ചെയ്തു. ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം സംശയിക്കുകയും തുടർന്ന് ഐക്യ നീക്കത്തിൽ നിന്ന് പിന്മാറുകയും ചെയ്തത് ഈ സാഹചര്യത്തിൽ ആണെന്നാണ് സൂചന.

എസ്എൻഡിപി എൻഎസ്എസ് ഐക്യത്തിന് ആദ്യം തുടക്കമിട്ടത് പി കെ നാരായണപ്പണിക്കർ ജനറൽ സെക്രട്ടറി ആയിരിക്കുമ്പോഴാണ്. നമ്പൂതിരി മുതൽ നായാടി വരെ ഒരു കുടക്കീഴിൽ വരുന്നഐക്യം എന്ന വെള്ളാപ്പള്ളിയുടെ സ്വപ്നം സഫലീകരിക്കാൻ എൻഎസ്എസ് ഒപ്പം ചേർന്നുമെങ്കിലും പിന്നീട് അത് പൊളിഞ്ഞു. അത്തരത്തിലുള്ള ഒരു നീക്കത്തിന് പ്രസക്തിയില്ലെന്ന് അന്ന് മനസ്സിലാക്കിയതാണ്.എങ്കിലും ചില സമ്മർദ്ദങ്ങളുടെ ഫലമായി എൻഎസ്എസ് വീണ്ടും അതിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിശ്വസിക്കുന്നത്.

എന്നാൽ സിപിഎമ്മിനെ പോലും വെട്ടിലാക്കി വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ എൻഎസ്എസിൽ സംശയം ബലപ്പെട്ടു. ഐക്യ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചത് തന്നെ സമുദായത്തിൽ ഭിന്നതയ്ക്കിട ആക്കിയിരുന്നു. അതിനിടെ വെള്ളാപ്പള്ളിക്ക് പത്മവിഭൂഷൻ കൂടെ നൽകിയതോടെ നായർ സമുദായത്തിൽ വലിയ വികാരം രൂപപ്പെട്ടു.

രണ്ടു പതിറ്റാണ്ടോളം എൻഎസ്എസിനെ നയിച്ച പി കെ നാരായണപ്പണിക്കർക്ക് ഇതുവരെ ഇത്തരത്തിലുള്ള ബഹുമതികൾ ഒന്നും തന്നെ ലഭിച്ചില്ലെന്നുള്ളതാണ് ഉയർന്ന വികാരം’. സാമുദായിക ഐക്യത്തിനായി എന്നും ഉറച്ച നിലപാടെടുത്ത പണിക്കരെ പോലും വിസ്മരിച്ചു എന്നത് ചൂണ്ടിക്കാണിക്കപ്പെട്ടു.

പി കെ നാരായണ പണിക്കരെ സ്മരിക്കാൻ എൻഎസ്എസ് നേതൃത്വം തയ്യാറായിട്ടില്ല എന്നത് ബിജെപി കേന്ദ്രങ്ങൾ മറിച്ചും ചൂണ്ടിക്കാട്ടി. പണിക്കരുടെ പേരിൽ അനുസ്മരണമോ എന്തെങ്കിലും സാമൂഹിക ജീവകാരുണ്യ പദ്ധതിയോ എൻഎസ്എസ് തുടക്കമിട്ടിട്ടില്ല എന്നത് അവർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇത്തരത്തിലുള്ള ഒരു ആവശ്യം ഒരിക്കലും ഉയർത്തിയിട്ടുമില്ല.

ബിജെപി നേതാക്കളോട് പ്രത്യേകിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് വിമർശനാത്മകമായ നിലപാടാണ് എന്നും എൻഎസ്എസ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത് എന്നതും തിരിച്ചടിയായി. ബിജെപിയെ എന്നും പരിഹസിക്കുന്ന നേതൃത്വത്തിന് പരമോന്നത പുരസ്കാരം നൽകണമോ എന്ന ചിന്ത ബലപ്പെട്ടു.

അതേസമയം സിപിഎമ്മുമായും ബിജെപിയുമായും തുല്യ ദൂരം പാലിക്കുന്ന വെള്ളാപ്പള്ളിയുടെ പേര് അനിവാര്യം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. പ്രത്യേകിച്ചും ബിഡിജെഎസ് ബിജെപി മുന്നണി വിടുന്നു എന്ന പ്രചാരണ സാഹചര്യത്തിൽ വെള്ളാപ്പള്ളിയെ കൂടെ നിർത്തുക എന്ന ഏക ലക്ഷ്യത്തിലേക്ക് പാർട്ടി മാറി.

സംസ്ഥാന സർക്കാർ അറിയാതെ വെള്ളാപ്പള്ളിയുടെയും വിഎസ് അച്യുതാനന്ദന്റെയും പേര് പത്മാ ലിസ്റ്റിൽ ഇടം പിടിച്ചത് ഇങ്ങനെയാണ്.

അതേസമയം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പുരസ്കാരത്തിൽ കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തെ പ്രത്യേകിച്ച് കത്തോലിക്ക
വിഭാഗത്തെ പരിഗണിച്ചതേയില്ല. ഇത് ക്രൈസ്തവ സമൂഹത്തിൽ ചർച്ചയായിട്ടുണ്ട്.

മുസ്ലിം വിരുദ്ധ പ്രസംഗം മുഖമുദ്രയാക്കിയ വെള്ളാപ്പള്ളിയെ ആദരിക്കുമ്പോൾ ഉയരുന്ന വിമർശനത്തിന് തടയിടാൻ മമ്മൂട്ടിയെ കൂടി പരിഗണിക്കുകയായിരുന്നു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന