Spread the love

രാംപൂർ: വിവാഹ ചടങ്ങ് കഴിഞ്ഞതും വധുവിന് വയറുവേദന. ആശുപത്രിയിലെത്തിച്ച നവവധു പെൺകുഞ്ഞിന് ജന്മം നൽകി. ഉത്തർ പ്രദേശിലെ റാംപൂർ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ദിവസം ആണ് കുംഹാരിയ ഗ്രാമവാസിയായ റിസ്വാൻ എന്ന യുവാവിന്റെയും സമീപ ഗ്രാമമായ ബഹാദുർഗഞ്ചുകാരിയായ യുവതിയുടേയും വിവാഹം നടന്നത്. ഇവർ തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് സമ്മതം മൂളാനുള്ള മടിയാണ് വിവാഹം വൈകിയതിന് കാരണമായത്. യുവതി തങ്ങളുടെ പ്രണയ ബന്ധം ഔദ്യോഗികമാക്കണമെന്ന ആവശ്യവുമായി പൊലീസിന് നേരത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രാമമുഖ്യനൊപ്പം പൊലീസിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം മൂളിയത്.

ശനിയാഴ്ച വൈകുന്നേരമാണ് റിസ്വാൻ ബഹാദുർഗഞ്ചിൽ ബന്ധുക്കളുമായി എത്തി വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്.

വിവാഹ ചടങ്ങുകൾ കഴിഞ്ഞശേഷം ഭർതൃവീട്ടിലെ അതിഥികൾ പിരിഞ്ഞുപോകും മുൻപാണ് നവവധുവിനു പ്രസവവേദന തുടങ്ങിയത്. തുടർന്ന് ചികിത്സ തേടുകയായിരുന്നു. പെൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. വിവാഹ ദിവസം യുവതി പ്രസവിച്ച സംഭവം ഗ്രാമത്തിൽ ചർച്ചയായിരിക്കുയാണ്.