Spread the love

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് നടക്കുന്ന കലാശക്കൊട്ടിന് ശേഷം സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. പോളിങ് സ്റ്റേഷനുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു മുതല്‍ മൂന്നു ദിവസം അവധിയാണ്.

പ്രചാരണ സമയം അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവയ്ക്ക് വിലക്കുണ്ട്.

വോട്ട് ചെയ്യാനെത്തുന്നവര്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. അതിനാല്‍ വോട്ടര്‍മാര്‍ ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.