Spread the love

കോട്ടയം മുട്ടമ്പലത്ത് വില്ലയിലും, മാങ്ങാനത്ത് വെല്‍നസ് ക്ലിനിക്കിലും മോഷണം നടത്തിയ പ്രതിയെ ഗുജറാത്തില്‍ നിന്നും അറസ്റ്റ് ചെയ്തു.

ഈ മാസം ഒമ്പതിന് വെളുപ്പിന് രണ്ടിനും 6.30നും ഇടയിലുള്ള സമയത്ത് മുട്ടമ്പലം വില്ലേജില്‍ മാങ്ങാനം സ്‌കൈലൈന്‍ പാം മെഡോസ് വില്ല നമ്പര്‍ 21 ന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് വില്ലയ്ക്ക് അകത്ത് കയറി കിടപ്പമുറിയില്‍ ഉണ്ടായിരുന്ന ഇരുമ്പ് അലമാരയുടെ പൂട്ട് പൊളിച്ച് സേഫില്‍ സൂക്ഷിച്ചിരുന്ന വിവിധ ഫാഷനുകളിലുള്ള മാലകള്‍, നെക്ലേസുകള്‍, വളകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ ഉള്‍പ്പെടെ ഉദ്ദേശം 36 ലക്ഷം രൂപ വിലവരുന്ന അമ്പതേമുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലും ഈ മാസം എട്ടിന് വൈകിട്ട് ആറിനും ഒമ്പതിന് രാവിലെ 8.30നും ഇടയ്ക്കുള്ള സമയത്ത് മാങ്ങാനം ചെമ്പകശ്ശേരിപടി ഭാഗത്തുള്ള ആയുഷ്മന്ത്ര വെല്‍നസ്സ് ക്ലിനിക്കിന്റെ മുന്‍വശത്തെ വാതിലിന്റെ ഓടാമ്പലും കുറ്റിയും അടിച്ച് പൊട്ടിച്ച് ക്ലിനിക്കിനുള്ളിലെ റിസപ്ഷന്‍ ഡ്രോയില്‍ സൂക്ഷിച്ചിരിന്ന ആയിരം രൂപ മോഷണം ചെയ്ത കേസിലുമാണ് അറസ്റ്റ്.

കോട്ടയം ഡിവൈഎസ്പി അനീഷ് കെ ജി യുടെയും ഈസ്റ്റ് സ്റ്റേഷന്‍ എസ്എച്ച്ഒ യു. ശ്രീജിത്തിന്റെയും നേതൃത്വത്തില്‍ ഈസ്റ്റ് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മധ്യപ്രദേശിലെ ഥാര്‍ ജില്ലയില്‍ ഗാന്ധ്വാനി താലൂക്കില്‍ ജെംദാ ഗ്രാമത്തില്‍ മഹേഷ് എന്നു വിളിക്കുന്ന ഗുരു സജനെ (41) ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദ് എ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും ഈസ്റ്റ് പോലീസും അടങ്ങുന്ന എസ്‌ഐ അഖില്‍ വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തില്‍ നിന്നും സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ നോര്‍ത്ത് ഇന്ത്യന്‍ സ്വദേശികളാണ് മോഷണം ചെയ്തത് എന്ന നിഗമനത്തില്‍ സമാന സ്വഭാവമുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുകയും 2016 ല്‍ കര്‍ണാടകയില്‍ രാമദുര്‍ഗ സ്റ്റേഷനില്‍ നടന്ന സമാന സ്വഭാവമുള്ള കേസിലെ പ്രതികളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തതിലാണ് ഗുരു സജ്ജനിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്.
ക്രിമിനല്‍ സ്വഭാവമുള്ളവരും പോലീസിനോട് നേര്‍ക്കുനേര്‍ സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നവരും താമസിക്കുന്ന പ്രദേശമായ മധ്യപ്രദേശിലെ ജെംദാ വനപ്രദേശത്ത് താമസിക്കുന്ന പ്രതിയെ അവിടെ ചെന്ന് അറസ്റ്റ് ചെയ്യുക എന്നത് ദുഷ്‌കരമായ കാര്യമായിരുന്നു. അന്വേഷണത്തില്‍ ഗുരു സജ്ജന്‍ ഇവിടെ ഇല്ലെന്നും ഗുജറാത്തില്‍ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും മനസ്സിലാക്കിയ പോലീസ് സംഘം ഗുജറാത്തിലേക്ക് തിരിച്ചു. ഗുജറാത്തില്‍ പ്രതി ജോലിചെയ്യുന്ന കമ്പനിക്ക് സമീപം കുടുംബമായി താമസിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ താമസസ്ഥലം കണ്ടെത്തി അതിസാഹസികമായാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്.

2016 ല്‍ കര്‍ണാടകയില്‍ സ്വര്‍ണം മോഷ്ടിച്ച കേസിലും ട്രഷറി ആക്രമിച്ച് പിസ്റ്റള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഈ കേസില്‍ വാറണ്ട് നിലവിലുമുണ്ട്. 2023 ല്‍ ആലപ്പുഴയിലും കോട്ടയത്തും മോഷണം നടന്നതിന് അടുത്ത ദിവസങ്ങളില്‍ തൃശ്ശൂരിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്.

കോട്ടയം ജില്ല ഫിംഗര്‍പ്രിന്റ് ബ്യൂറോ സംഭവസ്ഥലത്തു നിന്നും കണ്ടെടുത്ത പ്രതിയുടെ ഫിംഗര്‍പ്രിന്റ് പ്രതിയിലേക്ക് എത്തുന്നതില്‍ ഏറെ സഹായകരമായി.
ഇയാള്‍ക്കൊപ്പം ഉള്ള മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടന്നു വരുന്നുണ്ട്.