തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.
രാഹുൽ പെണ്‍കുട്ടികളെ പിന്തുടര്‍ന്നു ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പരാതി നല്‍കാന്‍ ആശങ്ക വേണ്ടെന്നും എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ പൊലീസ് ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നു.രാഹുല്‍ മാങ്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്ന ആരോപണവുമായി നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തിക അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
രാഹുലിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. രാഹുലിനെതിരെ പുറത്തുവന്ന വോയ്സ് ക്ലിപ്പുകളും ചാറ്റുകളും ക്രൈംബ്രാഞ്ച് പരിശോധിക്കും.
നിലവിൽ പൊതുപ്രവർത്തകർ ഉൾപ്പടെ ഡി.ജി.പിക്ക് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

