Spread the love

 

വിദൃാർത്ഥികൾക്ക് ആർത്തവ അവധി: വേറിട്ട പ്രതികരണവുമായി സോഷൃൽ മീഡിയ ഇൻഫ്ലുവൻസർ കുഞ്ഞുമോൻ കൊച്ചിക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ്.

 

ആർത്തവപ്പാഡിന്റെ അസ്വസ്ഥതയിൽ…
എന്റെ ബൈക്കിന്റെ പിൻസീറ്റിലിരുത്തി എത്രയോ പെൺകുട്ടികളെ, ഞാൻ സ്കൂളുകളിലും കോളേജുകളിലും എത്തിച്ചിട്ടുണ്ട്.

എന്തും പറയാമെന്ന ധൈര്യത്തിൽ, “പി” (പീരിയഡ്) “രക്തമഴ” “മൂഡോഫ്” എനിക്കജ്ഞാതമായിരുന്ന ഭാഷയിൽ പുതിയ പിള്ളേര് പരിചയപ്പെടുത്തിയ ആർത്തവം.

പഴയകാലത്ത്, അമ്മയും സഹോദരിമാരും അടക്കം മൂന്നു പെണ്ണുങ്ങളുള്ള എന്റെ വീട്ടിൽ,
അപ്പന്റെ പഴകിപിഞ്ചിയ കൈലിമുണ്ടും, കരിമ്പനടിച്ച വെള്ളമുണ്ടും, പ്രത്യേക അളവിൽ കീറി, അലക്കി അഴയിൽ ഉണങ്ങാനിട്ടപ്പോൾ…പത്താംക്ലാസ് പാസ്സായ ഞാൻ കരുതിയത് അടുക്കളയിലെ അടുപ്പുകല്ലിൽനിന്നും ചൂടുള്ള ആഹാരപാത്രം വാങ്ങാൻ തടപിടിക്കുന്ന തുണികൾ ആയിരിക്കുമെന്നാണ്.ഒരു കഞ്ഞിക്കലത്തിനും ഒരു കറിച്ചട്ടിക്കും അപ്പുറം അടുപ്പുകല്ലിൽ വയ്ക്കാൻ മറ്റു പാത്രങ്ങൾ കുറവുള്ള അടുക്കളയിൽ.. എന്തിനായിരിക്കും? ഇത്രമാത്രം തടത്തുണികൾ എന്നുപോലും ഞാൻ ചിന്തിച്ചിട്ടുണ്ട്.

മാത്രമല്ല, ആ തുണികൾ ചെറ്റകുടിലിന്റെ കോണിലെ ഒരു മറവിൽ കെട്ടിയ കുഞ്ഞഴയിൽ മറച്ചുവിരിച്ചിരിക്കുന്നതിൽ എന്തോ രഹസ്യമുണ്ടെന്നും തോന്നിയിരുന്നതിനാൽ അമ്മയോട് ചോദിക്കാൻ ധൈര്യം വന്നില്ല.

പെണ്ണുങ്ങളുള്ള അയലത്തും ബന്ധുവീടുകളിലും അത്തരം തുണികളെ ശ്രദ്ധിച്ചു തുടങ്ങി.ആദ്യം അമ്മ ചെയ്ത ആ പ്രവർത്തി എന്നെക്കാൾ ഇളയതായ പെങ്ങമ്മാരും ചെയ്തു തുടങ്ങിയപ്പോഴേയ്ക്കും,പതിനഞ്ചു വയസ്സിൽ ജീവിതത്തിലേക്ക് കടന്നുവന്ന എന്നെക്കാൾ മുതിർന്ന പെണ്ണുങ്ങൾ കീറത്തുണികളുടെ രഹസ്യങ്ങൾ എന്നോട് വെളിപ്പെടുത്തിയിരുന്നു.

എന്റെ ജനനത്തിന് പിന്നിൽപോലും പ്രവർത്തിച്ച ഒരു പ്രക്രിയയായിരുന്നു ആർത്തവം എന്ന്.. അന്ന് തിരിച്ചറിഞ്ഞതിനാൽ,എന്നോട് ആവശ്യപ്പെട്ട എത്രയോ പെണ്ണുങ്ങൾക്ക് ആർത്തവകാലത്ത് പാഡ്‌ വാങ്ങിക്കൊടുത്തിട്ടുണ്ട്.പ്രിയമുള്ള പ്രണയിനികൾക്ക് കെട്ടിപ്പിടിച്ചു അടിവയര്‍ തടവിക്കൊടുത്തിട്ടുണ്ട്.”എടാ എനിക്ക് മറ്റേതായി നീ വരുവോ”?ന്ന് ചോദിച്ചിടത്തേക്ക് ഓടിയെത്തി.

ഒരു പുരുഷനും ജീവിതത്തിലൊരിയ്ക്കലും അനുഭവിച്ചറിയാനാവാത്ത “ആർത്തവം” എന്ന സ്ത്രീശാരീരിക പ്രക്രിയയുടെ,അടിവയറ്റിലെ അതികഠിനവേദനയുടെ, അസ്വസ്ഥതയുടെ ആഴം തിരിച്ചറിഞ്ഞവരുടെ, അനവധി വിശദീകരണങ്ങളും വിവരണങ്ങളും കേട്ടിട്ടുള്ളവനും, നേരിട്ട് കണ്ടറിഞ്ഞും, അത്തരം സാഹചര്യങ്ങളിൽ അവരുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പം നിലകൊണ്ടവനെന്ന നിലയിലും

വിദ്യാർഥിനികൾക്ക് നൽകി ആരംഭിക്കുന്ന ആർത്തവ അവധി
“സൗജന്യമല്ലാതെ സ്ത്രീകൾക്ക് നൽകുന്ന ഒരു ആദരവിന്റെ വിപ്ലവകരമായ തുടക്കം” എന്ന നിലയിൽ ഞാനേറെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു.
കുഞ്ഞുമോൻ കൊച്ചിക്കാല.