Spread the love

ആര്‍ത്തവ അവധി പെണ്‍കുട്ടികളെ അബലകളാക്കുമോ ചര്‍ച്ചയായി ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പ്

 

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മാസത്തില്‍ മൂന്നുദിവസം വരെ ആര്‍ത്തവ അവധി നല്‍കുന്നെ പ്രഖ്യാപനത്തെ തുടര്‍ന്ന് ബിജെപി നേതാവും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖ ഫേസ് ബുക്കില്‍ കുറിച്ച അഭിപ്രായം ചര്‍ച്ചയായിരിക്കുകയാണ്.അവധിയുടെ ഫലമായി പഠനത്തില്‍ പിന്നിലാവാതിരിക്കാന്‍ വാരാന്ത്യത്തില്‍ ക്യാച്ച് അപ്പ് ക്ലാസുകള്‍ നടത്തുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആര്‍ത്തവാവധിയുടെ യുക്തിയെ ചോദ്യം ചെയ്ത് എത്തിയിരിക്കുകയാണ് തിരുവനന്തപുരം ശാസ്തമംഗലം കൗണ്‍സിലര്‍കൂടിടായ ആര്‍ ശ്രീലേഖ. ആര്‍ത്തവാവധി പെണ്‍കുട്ടികളെ കൂടുതല്‍ അബലകള്‍ ആക്കുമെന്നാണ് ശ്രീലേഖ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.

കുറിപ്പിന്റെ പൂര്‍ണരൂപം

വിദ്യാര്‍ഥിനികള്‍ക്ക് 3 ദിവസം വരെ എല്ലാ മാസവും ആര്‍ത്തവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ നയം ശരിക്കും പെണ്‍കുട്ടികളെ ശക്തരാക്കുമോ അതോ കൂടുതല്‍ അബലകള്‍ ആക്കുമോ?
ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതില്‍ ചിലര്‍ക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാന്‍ ഒരിക്കല്‍ പോലും ഈ കാരണം പറഞ്ഞു സ്‌കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. IPS പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളില്‍ നിന്ന് ആ ദിവസങ്ങളില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോള്‍ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി!
എന്നാല്‍ ഇപ്പോള്‍ മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആര്‍ത്തവം എന്ന്! ഇതാണോ menstrual dignity?
നാണക്കേടല്ലേ?

ഇതുപോലുള്ള സൗജന്യങ്ങള്‍ക്ക് പകരം എല്ലാ സ്‌കൂളിലും കോളേജിലും പെണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള ശൗചാലയങ്ങളും napkin wending മെഷീനുകളും നല്‍കാന്‍ ഏര്‍പ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കില്‍ സൗജന്യ വേദന സംഹരി മരുന്നുകള്‍ വിദ്യാലയങ്ങളില്‍ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും.
ഒരു പെണ്‍കുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാന്‍ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടില്‍ ഇരിക്കാന്‍ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതു സാധാരണ നിലയില്‍ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ല.