Spread the love

കോട്ടയം : പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ ഒരുവ്യാഴവട്ടമാണ് നരേന്ദ്രമോദി സർക്കാരിന്റെ കാലയളവിലുണ്ടായതെന്ന് റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി.സ്വാഭാവിക റബറിന്റെ ഉത്പാദനം വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. വിപണന മേഖലയുടെ ആവശ്യമനുസരിച്ച് റബർ മേഖല വികസിച്ച തീരൂ. പ്രകൃതിദത്ത റബ്ബറിന്റെ 72% വും കേരളത്തിന്റെ സംഭാവനയാണ്. എന്നാൽ ആവശ്യം വർദ്ധിക്കുന്നതനുസരിച്ച് കൂടുതൽ മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കേണ്ടിവരും. ഉത്തര കിഴക്കൻ സംസ്ഥാനങ്ങളിൽ റബർകൃഷി വ്യാപിക്കുന്നത് കേരളത്തിന് ഒരുതരത്തിലും ഭീഷണിയല്ല.ജാർഖണ്ഡ് ബീഹാർ സംസ്ഥാനങ്ങളും റബ്ബർ കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒരു വർഷത്തിനുള്ളിൽ റബർ മേഖലയിലെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ ആവുമെന്നാണ് കരുതുന്നത്. ജൂലൈ രണ്ടിന് കേന്ദ്ര വാണിജ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഭാവി പദ്ധതികളുടെ രൂപരേഖ കൈമാറും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർക്കൊപ്പമാണ് കേന്ദ്രമന്ത്രിയെ കാണുന്നത്

 

രാജ്യത്തെ പ്രകൃതി ദത്ത റബര്‍ മേഖലയില്‍ വന്‍ കുതിപ്പിന്റെ കാലമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ 2014 മുതലുളള കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ ദൃശ്യമായത്. റബര്‍ ഉത്പാദനത്തില്‍ 40.31 ശതമാനവും ഉപഭോഗം 39.78 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. സ്വാഭാവിക റബര്‍ ഉത്പാദനത്തിന്റെ 72 ശതമാനവും നിര്‍വഹിക്കുന്ന സംസ്ഥാനത്ത് റബര്‍ ബോര്‍ഡ് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ മേഖലയ്ക്കും കര്‍ഷകര്‍ക്കും കരുത്തും ഉത്തേജനവും പ്രദാനം ചെയ്തു.

 

ഇന്ത്യയിലെ പ്രകൃതിദത്ത റബ്ബർമേഖല: – ഒരു താരതമ്യം (2014 – 2026)

 

ഉത്‌പാദനവും ഉപഭോഗവും

റബ്ബറുത്പാദനം 2014-15 -ൽ 645,000 ടൺ ആയിരുന്നത് 2025-26 – ൽ 905,000 ടൺ ആയി വർദ്ധിച്ചു (40.31% വളർച്ച). ഉപഭോഗം 2014-15ൽ 1,020,910 ടൺ ആയിരുന്നത് 2025-26 – ൽ 1,427,000 ടൺ ആയി ഉയർന്നു (39.78% വളർച്ച).

 

കൃഷി വിസ്‌തൃതി : റബ്ബർകൃഷിയുടെ വിസ്‌തൃതി 795,135 ഹെക്ടറിൽ (2014-15) നിന്ന് 939,300 ഹെക്ടറായി (2024-25) വർദ്ധിച്ചു (18.13% വർദ്ധനവ്).

 

റബ്ബർ വില

വില (RSS 4 ഗ്രേഡ്): കിലോഗ്രാമിന് 132.57 രൂപയിൽ നിന്ന് (2014-15) 276 രൂപയായി വർദ്ധിച്ചു (108.19% വർദ്ധനവ്).

ഉത്പനങ്ങളുടെ കയറ്റുമതി

റബ്ബറുത്പന്നങ്ങളുടെ കയറ്റുമതി: 18,487.9 കോടി രൂപയിൽ നിന്ന് (2014-15) 47,123 കോടി രൂപയായി (2025-26) ഉയർന്നു (154.89% വളർച്ച)

പ്രധാന പദ്ധതികളും ഡിജിറ്റൽ സംവിധാനങ്ങളും

• എംറൂബ് (mRube) റബ്ബർ വിപണി സുഗമവും സുതാര്യവും ആക്കാൻ ബോർഡ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റേഷൻ വിള ഇ-മാർക്കറ്റ് പ്ലാറ്റ്‌ഫോം വഴി ഇതുവരെ 961.83 കോടി രൂപ വിലമതിക്കുന്ന 57,171 ടൺ റബ്ബർ വ്യാപാരം നടന്നിട്ടുണ്ട്. .

• ബി. എസ്. എൻ. ആർ (BSNR ) പ്ലാറ്റ്‌ഫോം: റബ്ബർ വിതരണശൃംഖലയിൽ സുതാര്യത ഉറപ്പാക്കാനും യൂറോപ്യൻ യൂണിയൻ ഡിഫോറസ്റ്റേഷൻ റഗുലേഷൻ (EUDR) മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമായി ആരംഭിച്ച ഭാരത് സസ്റ്റൈനബിൾ നാച്ചുറൽ റബ്ബർ പ്ലാറ്റ്‌ഫോം.

• റബ്ബർ പ്രൊഡക്ട്സ് ഇൻകുബേഷൻ സെന്റർ : പുതിയ സംരംഭകർക്ക് അവരുടെ ആശയങ്ങൾ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ ആവശ്യമായ സഹായം നൽകുന്നു.

• അഡ്വാൻസ്ഡ് അനാലിറ്റിക്കൽ ലബോറട്ടറി : റബ്ബറുത്പന്നങ്ങളുടെ പരിശോധനയ്ക്കായി ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൽ സ്ഥാപിതമായി.

• ഇൻറോഡ്(INROAD) പദ്ധതി :റബ്ബറിന്റെ ആഭ്യന്തര ഡിമാൻഡും വിതരണവും തമ്മിലുള്ള വ്യത്യാസം കുറയ്ക്കുന്നതിനായി, ആട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൺ (ATMA ) യുടെ സാമ്പത്തിക സഹായത്തോടെ റബ്ബർബോർഡ് നടപ്പിലാക്കിയ പദ്ധതി. ഇതു വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലുമായി 1.8 ലക്ഷം ഹെക്ടർ ഭൂമിയിൽ ഇതുവരെ റബ്ബർ കൃഷി വ്യാപിപ്പിച്ചു.

 

റബ്ബർ ടാപ്പർമാർക്ക് നൽകുന്ന ആനുകുല്യങ്ങൾ

റബ്ബർ തോട്ടംതൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ ടാപ്പർമാർക്ക് ലഭിക്കുന്ന നിശ്ചിത പ്രായം കഴിയുമ്പോൾ പെൻഷൻ ലഭ്യമാണ്. തൊഴിലാളികൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ഗുരുതരമായ രോഗങ്ങൾ വരുമ്പോൾ ചികിത്സയ്ക്കായി സാമ്പത്തിക സഹായം നൽകുന്നു.

ടാപ്പിങ് തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനും ഹോസ്റ്റൽ ആനുകൂല്യങ്ങളും നൽകുന്നു.

വനിതാ തൊഴിലാളികളുടെയോ, തൊഴിലാളികളുടെ മക്കളുടെയോ വിവാഹത്തിന് നൽകുന്ന ധനസഹായം.

വനിതാ തൊഴിലാളികൾക്ക് പ്രസവവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നൽകുന്നു.

റബ്ബർ തോട്ടംതൊഴിലാളി ക്ഷേമനിധി ബോർഡും റബ്ബർ ബോർഡും വഴി നിലവിൽ നൽകിവരുന്ന പ്രധാന ആനുകൂല്യങ്ങളുടെ ഏകദേശ തുക താഴെ പറയുന്നപ്രകാരമാണ്:

പെൻഷൻ

പ്രതിമാസ പെൻഷൻ: 60 വയസ്സ് കഴിഞ്ഞ തോട്ടം തൊഴിലാളികൾക്ക് നിലവിൽ 2000 രൂപ പ്രതിമാസ ക്ഷേമനിധി പെൻഷൻ നൽകുന്നു.

ചികിത്സാ സഹായം

ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സ: അർബുദം , ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി 10,000 മുതൽ 50,000 വരെ (രോഗത്തിൻ്റെ ഗൗരവവും ബോർഡിന്റെ തീരുമാനവും അനുസരിച്ച്) ധനസഹായം ലഭിക്കാറുണ്ട്.

ആശുപത്രിയിൽ കിടന്നു ചിക ത്തിക്കേണ്ട മറ്റു രോഗങ്ങൾക്കും ചെറിയ തുകയ്ക്കുള്ള സഹായം ലഭിക്കുന്നതാണ് .

കുടുംബാംഗങ്ങൾക്കുള്ള സഹായങ്ങൾ

വനിതാ തൊഴിലാളികളുടെയോ അല്ലെങ്കിൽ തൊഴിലാളികളുടെ പെൺമക്കളുടെയോ വിവാഹത്തിന് 25,000 രൂപ വരെ ധനസഹായം ലഭിക്കും.

പ്രസവാനുകൂല്യം: വനിതാ തൊഴിലാളികൾക്ക് പ്രസവവുമായി ബന്ധപ്പെട്ട ചെലവുകൾക്കായി 15,000 രൂപ ധനസഹായം ലഭിക്കും. (പരമാവധി രണ്ട് പ്രസവങ്ങൾക്ക്)

വിദ്യാഭ്യാസ ആനുകൂല്യം

തൊഴിലാളികളുടെ മക്കൾക്ക് ആറാം ക്ലാസ് മുതൽ 1500 മുതൽ 16000 വരെ വിദ്യഭ്യാസ സ്റ്റെപ്പൻ്റ് ലഭ്യമാണ്. ഹോസ്റ്റൽ ഫീസായി 1000 രൂപ മുതൽ 1400 രൂപ വരെയും പ്രതിമാസം ലഭിക്കും.

വീടുനിർമാണം

ടാപ്പർമാർക്ക് വീടു വയ്ക്കുന്നതിന് 50,000 രൂപ അല്ലെങ്കിൽ ആകെ ചെലവിൻ്റെ 25% അതിൽ ഏതാണോ കുറവ് അത് ലഭിക്കുന്നതാണ്

കണ്ണട

ടാപ്പർമാർക്ക് കണ്ണട വാങ്ങുന്നതിന് 2000 രൂപ ധനസ്ഹായം ലഭിക്കുന്നതാണ് .

ഗ്രൂപ്പ് ഇൻഷുറൻസ്: ടാപ്പിങ് ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ പരിഹരിക്കാൻ ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.

 

കേരളത്തിലെ റബ്ബർ കർഷകർക്ക്, പ്രത്യേകിച്ച് ചെറുകിട കർഷകർക്ക്, കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളും റബ്ബർ ബോർഡും വഴി വിവിധ ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ട്. പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:

 

കർഷകർക്കായുള്ള പദ്ധതികൾ

 

• റബ്ബർ ഉൽപാദന ഇൻസെന്റീവ് പദ്ധതി (Rubber Production Incentive Scheme)

ചെറുകിട റബ്ബർ കർഷകർക്ക് റബ്ബറിന് ന്യായമായ വില ഉറപ്പാക്കാൻ കേരളസർക്കാരും റബ്ബർ ബോർഡും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി. സംസ്ഥാന സർക്കാർ ഉറപ്പാക്കുന്ന വില (Guaranteed Price) 200 രൂപ . അത് ഈ ബഡ്ജറ്റിൽ 250 ആയി ഉയർത്തിയിട്ടുണ്ട്.

വിപണിയിലെ ദിവസേനയുള്ള വില ഉറപ്പ് നൽകുന്ന വിലയേക്കാൾ എത്ര രൂപ കുറവാണോ, ആ ബാക്കി തുക സർക്കാർ കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സബ്‌സിഡിയായി നൽകും. ഒരംഗത്തിന് പരമാവധി 2 ഹെക്ടർ (5 ഏക്കർ) വരെയാണ് ഈ ആനുകൂല്യം.

പദ്ധതിപ്രകാരം വില ലഭിക്കാൻ കർഷകർ ‘റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം’ (RPIS) പോർട്ടലിൽ കൃത്യസമയത്ത് ബില്ലുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

• കൃഷിക്കുള്ള ധനസഹായം:

ആവർത്തന കൃഷി സബ്‌സിഡി : പ്രായമായതും ഉത്പാദനം കുറഞ്ഞതുമായ റബ്ബർ മരങ്ങൾ വെട്ടിമാറ്റി പുതിയ തൈകൾ വയ്ക്കുന്നതിന് കർഷകർക്ക് റബ്ബർബോർഡ് സാമ്പത്തിക സഹായം നൽകുന്നു.

• ഗുണമേന്മയുള്ള തൈകൾ: ബോർഡിൻ്റെ നഴ്സറികൾ വഴി മികച്ചയിനം റബ്ബർ തൈകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യു ന്നു.

• റെയിൻ ഗാർഡിംഗ് സബ്‌സിഡി: മഴക്കാലത്തും ടാപ്പിങ് മുടങ്ങാതെയിരിക്കാൻ റെയിൻ ഗാർഡ് പ്ലാസ്റ്റിക്കും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിന് റബ്ബർ ഉൽപാദക സംഘങ്ങൾ (RPS) വഴി ധനസഹായം നൽകുന്നു.

• റബ്ബറുത്പാദക സംഘങ്ങൾ : കർഷകർ ഉൽപാദിപ്പിക്കുന്ന റബ്ബർ പാൽ (Latex) ഒന്നിച്ച് ശേഖരിച്ച് ഉയർന്ന നിലവാരമുള്ള ഷീറ്റുകളാക്കി മാറ്റി വിൽക്കാൻ സഹായിക്കുന്ന ‘ഗ്രൂപ്പ് പ്രോസസ്സിംഗ് സെന്ററുകൾ’ (GPC) സ്ഥാപിക്കാൻ റബ്ബർ ബോർഡ് ധനസഹായം നൽകുന്നു.

• മറ്റ് ആനുകൂല്യങ്ങൾ: സ്വന്തമായി റബ്ബർ ടാപ്പുചെയ്യുന്ന ചെറുകിട കർഷകർക്കും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാകാനും അതിലൂടെയുള്ള പെൻഷൻ, ചികിത്സാ സഹായങ്ങൾ എന്നിവ കൈപ്പറ്റാനും സാധിക്കും. ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി കർഷകർ തങ്ങളുടെ പ്രദേശത്തെ റബ്ബർ ഉൽപാദക സംഘത്തിലോ (RPS) റബ്ബർ ബോർഡിന്റെ ഫീൽഡ് ഓഫീസിലോ ഭൂമിയുടെ നികുതിച്ചീട്ട്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവ സഹിതം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

 

കേരളത്തിലെ റബ്ബർ കർഷകർക്ക് നിലവിൽ ലഭ്യമായിട്ടുള്ള വിവിധ ധനസഹായങ്ങളുടെയും സബ്‌സിഡികളുടെയും കൃത്യമായ തുകകൾ താഴെ പറയുന്നപ്രകാരമാണ്.

ആവർത്തന കൃഷി ധനസഹായം

പഴയ മരങ്ങൾ വെട്ടിമാറ്റി പുതിയ റബ്ബർ തൈകൾ വെച്ചുപിടിപ്പിക്കുന്ന കർഷകർക്ക് റബ്ബർ ബോർഡ് നൽകുന്ന സഹായധനം:ഹെക്ടറിന് 40,000 രൂപയാണ് നിലവിൽ ധനസഹായം അനുവദിക്കുന്നത്.

ഈ തുക കൃഷി ചെയുന്ന വർഷവും പിന്നീടുമായി രണ്ടു ഗഡുക്കളായാണ് കർഷകന് ലഭിക്കുക.

 

റെയിൻഗാർഡിങ്

മഴക്കാലത്ത് ടാപ്പിംഗ് മുടങ്ങാതിരിക്കാൻ റെയിൻ ഗാർഡ് ചെയ്യുന്നതിനായി റബ്ബർ ഉൽപാദക സംഘങ്ങൾ വഴി ചെറുകിട കർഷകർക്ക് ഒരു ഹെക്ടറിന് പരമാവധി 4,000 വരെ നൽകുന്നുണ്ട്.

 

സമൂഹ റബ്ബർപാൽ സംസ്‌കരണ കേന്ദ്രങ്ങൾ (ഗ്രൂപ്പ് പ്രോസസ്സിംഗ് സെന്റർ)

കർഷകർ ഒന്നിച്ച് ചേർന്ന് റബ്ബർപാൽ ഉണക്കി ഷീറ്റാക്കുന്ന ഗ്രൂപ്പ് പ്രോസസ്സിങ് സെന്ററുകൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനുമായി പദ്ധതിച്ചെലവിന്റെ 25% മുതൽ 50% വരെ (പരമാവധി ഒരു ലക്ഷം മുതൽ രണ്ടര ലക്ഷം വരെ) സഹായധനം ലഭിക്കും .

നൈപുണ്യ വികസന പരിശീലനം

ശാസ്ത്രീയമായ ടാപ്പി ങ് രീതികൾ, റബ്ബർപാൽ സംസ്കരണം, ഉത്പന്ന നിർമാണം എന്നിവയിൽ പരിശീലനവും സർട്ടിഫിക്കറ്റും ബോർഡ് നൽകുന്നു .