Spread the love

നവീന്‍ബാബുവിന്റെ മരണം സിബിഐ അന്വേഷണത്തിന് വിട്ടു സര്‍ക്കാര്‍, മുഖ്യമന്ത്രിയെ കുടുംബം കണ്ടതിനു പിന്നാലെ നടപടി, സ്വാഗതം ചെയ്ത് കുടുംബം

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി ആശ്വാസകരമെന്ന് കുടുംബം. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരില്‍കണ്ട് സംസാരിച്ചിരുന്നുവെന്നും അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവ് ആയിട്ടുള്ള മറുപടി ലഭിച്ചെങ്കിലും ഇത്ര വേഗം സിബിഐ അന്വേഷണത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു.

സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവും പ്രതികരിച്ചു.തുടക്കത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് കരുതിയിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമാണ് അങ്ങനെയല്ല എന്ന് മനസിലായതെന്നും പ്രവീണ്‍ ബാബു പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാര്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. അന്വേഷണം നല്ല രീതിയില്‍ പോകുന്നുണ്ട് എന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.മരണകാരണത്തില്‍ ഉള്‍പ്പെടെ തുടക്കം മുതല്‍ ഒരുപാട് സംശയങ്ങള്‍ കുടുംബം ഉന്നയിച്ചിരുന്നുവെന്നും ഇക്കാര്യത്തിലുള്‍പ്പെടെ സിബിഐയുടെ ഭാഗത്ത് നിന്നും കൃത്യമായ അന്വേഷണം ഉണ്ടാകട്ടെയെന്നും പ്രവീണ്‍ ബാബു പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞദിവസം നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വിഡി സതീശനെ നേരില്‍ കണ്ട് ആശങ്കകള്‍ അറിയിച്ചിരുന്നു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം സര്‍ക്കാര്‍ സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്. 2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തുകയും കളക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിദ്ധ്യത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത നവീന്‍ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്.