യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ അഞ്ച് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയയിലെ അൻസ തടാകത്തിൽ നിന്നാണ് ഇന്ത്യൻ വിദ്യാർത്ഥിയായ സാകേത് ശ്രീനിവാസയ്യയുടെ ( 22 ) മൃതദേഹം കണ്ടെത്തിയത്.
അതേസമയം കാണാതാകുന്നതിന് മുമ്പ് സാകേത് മറ്റുള്ളവരിൽ നിന്നും ഏറെ അകന്ന് ജീവിക്കാൻ ശ്രമിച്ചതായും ഭക്ഷണം കഴിക്കുന്നത് പോലും ഒഴിവാക്കിയിരുന്നെന്നും സാകേതിന്‍റെ റൂമേറ്റ് ബനീത് പറയുന്നു.
ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു സാകേത് ശ്രീനിവാസയ്യ. ശ്രീനിവാസയ്യ കാണാതാകുന്നതിനു മുമ്പുള്ള ആഴ്ചകളോളം ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും കൂടുതൽ കൂടുതൽ ഉദാസീനനായി പെരുമാറുകയും ചെയ്തിരുന്നുവെന്നും ബനീത് പറയുന്നു.
ഫെബ്രുവരി 9ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് രണ്ടാഴ്ചയോളം മുമ്പ് സാകേത് ശ്രീനിവാസയ്യ ചിപ്‌സും കുക്കികളും മാത്രമാണ് കഴിച്ചിരുന്നത്. ജനുവരി 21ന് സാങ്കേത് തന്നെയും അൻസ തടാകത്തിലേക്ക് ക്ഷണിച്ചു. താൻ മടിയനായതിനാൽ പോയില്ല. പിന്നീട് അവിടെ വച്ച് സാകേത് ജീവനൊടുക്കുമെന്ന് കരുതിയില്ലെന്നും ബനീത് സിങ് കൂട്ടിച്ചേർത്തു.

