Spread the love

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് എട്ട് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയതായി പരാതി. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ ആണ് മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് അമ്മ പ്രസീത പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്.

‘എന്റെ കൈ കാണാനില്ലമ്മേ, മുറിച്ചു കളഞ്ഞോ…’ ഡോക്ടർമാരുടെ പിഴവിൽ കൈ നഷ്ടപ്പെട്ട വിനോദിനിയുടെ ചോദ്യത്തിന് മറുപടി പറയാനില്ലാതെ വിങ്ങുകയാണ് അമ്മ പ്രസീത. വിനോദിനി ഇന്നലെയാണ് തൻ്റെ വലത് കൈ നഷ്‌ടമായ വിവരം അറിയുന്നത്. നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

സെപ്റ്റംബർ 24നു വൈകിട്ടാണു സഹോദരൻ അനുവിന്ദിനൊപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് അപകടം സംഭവിക്കുന്നത്. കുട്ടിയെ ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ പരിശോധിച്ച ‍‍ഡോക്ടർമാർ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്ന് കയ്യിൽ പ്ലാസ്റ്റർ ഇട്ട ശേഷം അന്നു രാത്രി തന്നെ ഡിസ്ചാർജ് നൽകുകയും ചെയ്തു. പിന്നീടാണ് സ്ഥിതി മാറിയത്.

കുട്ടിയ്ക്ക് വേദന കൂടി രാത്രി മുഴുവൻ കുട്ടി കരഞ്ഞതോടെ പിറ്റേന്നു വീണ്ടും ആശുപത്രിയിലെത്തിച്ചു. എന്നാൽ എല്ലുപൊട്ടിയതല്ലേ വേദനയുണ്ടാകും എന്നായിരുന്നത്രേ മറുപടി. ഒരാഴ്ച കഴിഞ്ഞു വന്നാൽ മതിയെന്നും അവർ പറഞ്ഞു. ഇതിനിടെ വേദന സഹിക്കാൻ കഴിയാതെ കുട്ടി അവശനിലയിലായി. ഇതോടെ കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിയെ വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കു കൈ രക്തയോട്ടം കുറഞ്ഞു കറുത്തിരുന്നു. കൂടാതെ ദുർഗന്ധമുള്ള പഴുപ്പും വരാൻ തുടങ്ങി. ഇതോടെയാണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.

അന്നുതന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പഴുപ്പു വ്യാപിച്ചതിനാൽ കൈ മുറിച്ചു മാറ്റേണ്ടിവന്നെന്നു ‘അമ്മ പറയുന്നു.

അതേസമയം കുട്ടിയുടെ കയ്യുടെ അവസ്ഥ കണ്ട് ‘ഇതെന്താ മാംസക്കെട്ടാണോ ഇങ്ങനെ പൊതിഞ്ഞ് അയയ്ക്കാനെന്നും ഈ പഴുപ്പൊന്നും പാലക്കാട്ടെ ആശുപത്രിക്കാർ കണ്ടില്ലേ’യെന്നും മെഡിക്കൽ കോളജിൽ നിന്നു ചോദിച്ചതായി കുട്ടിയുടെ പറഞ്ഞു.