കോട്ടയം : കേരളത്തിൻ്റെ തനത് സമ്പത്തായ വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിന് കേന്ദ്രസർക്കാർ മുന്തിയ പ്രാധാന്യമാണ് നൽകുന്നത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.വൈക്കം ആറാട്ടുകുളങ്ങരയിൽ പ്രവാസി മലയാളി വ്യവസായി മുരളീധരൻ നായർ വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി ആരംഭിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
അർബുദ രോഗബാധിച്ച് അന്തരിച്ച ഭാര്യ ഗീതാ മുരളീധരനു സ്മരണാഞ്ജലി ആയാണ് വെച്ചൂർ പശു സംരക്ഷണ കേന്ദ്രം സമർപ്പിച്ചിരിക്കുന്നത്.ആംറോ ഡയറിസ് എന്ന മാതൃസ്ഥാപനത്തിന്റെ കീഴിൽ തുടങ്ങിയ പ്രോജക്ടിന്റെ പാൽ പാൽ ഉൽപ്പന്ന വിതരണവും, സെൻ്റർ ഫോർ എക്സലൻസിന്റെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിച്ചു.
വംശനാശം സംഭവിക്കുന്ന വെച്ചൂർ പശുക്കൾക്ക് പുനർജന്മം നൽകുന്ന പദ്ധതി അങ്ങേയറ്റം അഭിനന്ദനീയമാണ്.നാടൻ പശുക്കളുടെ സംരക്ഷണത്തിനും ക്ഷീര വിപ്ലവത്തിനുമായി കേന്ദ്രസർക്കാർ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. രാജ്യത്തെ ക്ഷീര മേഖലയുടെ വികസനത്തിൽ സ്വന്തം കയ്യൊപ്പ് ചാർത്തുകയാണ് മുരളിധരൻനായർ .സർക്കാർ ധനസഹായം ചോദിക്കാതെ നാടിനും സംരംഭകർക്കും പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് ഇത്. വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഡോ.ശോശാമ്മ ഐപ്പിനെ ഭാരതസർക്കാർ പത്മശ്രീ നൽകിയാണ് ആദരിച്ചത്. ഈ മേഖലയ്ക്ക് സർക്കാർ പുലർത്തുന്ന താല്പര്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. – കേന്ദ്ര മന്ത്രി പറഞ്ഞു.
ആറാട്ടുകുളങ്ങരയിൽ നടന്ന ചടങ്ങിൽ വൈക്കം നഗരസഭാ അധ്യക്ഷ പ്രീത രാജേഷ്, മുരളീധരൻ നായർ, സീനാ മുരളീധരൻ , അജിത് ഭാസ്കരൻ നായർ, ജനപ്രതിനിധികൾ പങ്കെടുത്തു.

