Spread the love

പാലക്കാട്: കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്. മാരുതി 800 കാര്‍ ആണ് പൊട്ടിത്തെറിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അത്തിക്കോട് പുളക്കാട് സ്വദേശിനി എല്‍സി മാര്‍ട്ടിന്‍(40) മക്കളായ അലീന(10) ആല്‍ഫിന്‍ (6) എമി(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ ആല്‍ഫിന്റെയും എമിയുടെയും നില ഗുരുതരമാണെന്നാണ് വിവരം. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

ആശുപത്രിയിലെ ജോലി കഴിഞ്ഞെത്തിയ എല്‍സി കുട്ടികളെയും കൂട്ടി കാറില്‍ പുറത്തേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്. എല്ലാവരും കാറില്‍ കയറിയതിന് ശേഷം എല്‍സി വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയും ഇതിനുപിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി കാറിന് തീപിടിച്ചെന്നുമാണ് പറയുന്നത്. ഇവര്‍ക്കാര്‍ക്കും കാറില്‍നിന്ന് പെട്ടെന്ന് പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ പുറത്തെടുത്തത്.