Spread the love

കോട്ടയം : കോട്ടയം നഗരസഭാ സ്ഥാനാര്‍ഥിയായി ലതികാ സുഭാഷ് എത്തുമ്പോള്‍ കോണ്‍ഗ്രസില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധ കൊടുങ്കാറ്റ് തീര്‍ത്ത കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലേക്ക് കടന്നുവരുന്നത്.

 

വി.എസ് അച്യുതാനന്ദനെ മലമ്പുഴയില്‍ നേരിട്ട ലതികയ്ക്ക് കഴിഞ്ഞ ഇലക്ഷനില്‍ വിജയസാധ്യതയുളള മണ്ഡലത്തില്‍ ഒന്നുപോലും പരിഗണിക്കാതിരുന്നതാണ് വേദനയായത്. തുടര്‍ന്ന് മുടിമുറിയ്ക്കുന്ന സമര മുറയ്ക്കുവരെ കേരളം സാക്ഷ്യം വഹിച്ചു.

ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിച്ചു. ഏറ്റുമാനൂരില്‍ എല്‍ഡിഎഫിന്റെ വിജയത്തിന് കളം ഒരുങ്ങിയത് ലതികയുടെ സ്ഥാനാര്‍ഥിത്വമാണെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ ലതികയെ വനംവികസന കോര്‍പ്പറേഷന്‍ അധ്യക്ഷയുമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ആദ്യ വനിതാ സാരഥി തിരുനക്കരയില്‍ എന്‍.സി.പി ( ശരദ്പവാര്‍) വിഭാഗം സ്ഥാനാര്‍ഥിയായി എല്‍ഡിഎഫില്‍ മത്സരിക്കുമ്പോള്‍ മുന്നണി ലക്ഷ്യമിടുന്നത് കോട്ടയം നഗരസഭാ ഭരണമാണ്. തിരുനക്കര വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ ഗോപകുമാറിന്റെ പത്‌നിയാണ് ലതികയുടെ എതിര്‍സ്ഥാനാര്‍ഥി. വാര്‍ഡ് വനിതാ സംവരണമായതോടെയാണ് ഗോപകുമാര്‍ മത്സര രംഗത്തു നിന്നും മാറിയത്. മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷകൂടിയായ ലതികയ്ക്ക് കോട്ടയത്ത് നേരത്തെ മാധ്യമപ്രവര്‍ത്തകയായിരുന്നു.

 

പതിറ്റാണ്ടുകളായി കോട്ടയം നഗരസഭാ ഭരണം ഇടതുമുന്നണിക്ക് ബാലികേറാമലയാണ്. കേരള കോൺഗ്രസ് ഇടതുമുന്നണിയിൽ എത്തിയെങ്കിലും കഴിഞ്ഞ തവണയും കോട്ടയം നഗരസഭ കോൺഗ്രസിനൊപ്പം ആയിരുന്നു.ഇവിടെ ഒരു മാറ്റമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.