കോട്ടയം: ആഹ്ലാദ പ്രകടനത്തിനിടെ യുണ്ടായ കോൺഗ്രസ്- കേരളാ കോൺഗ്രസ് എം സംഘർഷത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ച ഇടത് സ്ഥാനാർത്ഥിയുടെ സഹോദരന്റെ സംസ്ക്കാരം നാളെ. ആനിക്കാട് പള്ളിക്കത്തോട് സ്വദേശി ജോൺ പി തോമസ് (സിബി 57)ആണ് മരിച്ചത്.
ആനിക്കാട് വച്ചായിരുന്നു കോൺഗ്രസും കേരള കോൺഗ്രസ് എം തമ്മിലാണ് സംഘർഷം ഉണ്ടായത്. പാമ്പാടി ബ്ലോക്ക് പള്ളിക്കത്തോട് ഡിവിഷനിൽ മത്സരിച്ച് പരാജയപ്പെട്ട കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥി ജോസ് പി ജോണിന്റെ സഹോദരനാണ് മരി ച്ച ജോൺ പി തോമസ്. ജോസ് പി ജോണിനെ പരാജയപ്പെടുത്തിയത് കോൺഗ്രസിലെ ജിജി അഞ്ചാനിയാണ്. ജിജിയുടെ വിജയവും പള്ളിക്കത്തോട് പഞ്ചായത്ത് യുഡിഎഫ് തിരിച്ച് പിടിച്ചതിന്റെയും കൂടി നടത്തിയ ആഹ്ലാദ പ്രകടനം വാഹനത്തിൽ പോകുന്നതിനിടയിലാണ് മാണി ഗ്രൂപ്പ് പ്രവർത്തകരുമായി സംഘർഷമുണ്ടായത്. മറ്റൊരു സഹോദരനായ ഷിബുവിന്റെ സ്റ്റുഡിയോയ്ക്ക് മുമ്പിൽ വാഹനം ഉച്ചത്തിൽ ഹോണിടിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സഹോദരൻ ഷിബുവുമായി സംഘർഷം ഉണ്ടാകുന്നത് കണ്ട് പിടിച്ചു മാറ്റാൻ ചെന്നതായിരുന്നു ജോൺ പി തോമസ്.
കോൺഗ്രസ് പ്രവർത്തകരും മാണി ഗ്രൂപ്പുകാരും തമ്മിലുണ്ടായ സംഘർഷത്തിനിടയിലാണ് കുഴഞ്ഞുവീണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരുന്ന ആളാണ് മരിച്ച ജോൺ പി തോമസ്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.

