ഭോപ്പാൽ: പ്ലസ് ടു വിദ്യാർത്ഥിനിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. മധ്യപ്രദേശിലെ ധാർ ജില്ലയിൽ ആണ് സംഭവം. ഗന്ധ്വാനി ബസ് സ്റ്റാൻഡ് പരിസരത്ത് തിങ്കളാഴ്ചയാണ് നഗരത്തെ ഭീതിയിലാക്കിയ സംഭവം നടന്നത്.
എടിഎമ്മിന് അടുത്ത് നിന്ന പെൺകുട്ടിയുടെ മുന്നിൽ ഒരു മഹീന്ദ്ര ബൊലേറോ വാഹനം പെട്ടെന്ന് അവിടെ നിർത്തുകയായിരുന്നു. മൂന്ന് പേർ വാഹനത്തിൽ നിന്ന് ഇറങ്ങി വിദ്യാർത്ഥിനിയെ വായിൽ തുണി തിരുകി വാഹനത്തിലേക്ക് വലിച്ചിഴച്ച് കയറ്റി. പട്ടാപകൽ ആളുകൾ നോക്കിനിൽക്കെയാണ് സംഭവം. സ്ഥലത്തുണ്ടായിരുന്നവർ ബൈക്കുകളിലും കാറുകളിലുമായി ഇവരെ പിന്തുടർന്നു വാഹനത്തെ തടഞ്ഞു.
ഇതോടെ പ്രതികൾ വാഹനത്തിന്‍റെ വേഗത കൂട്ടുകയും വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ച് മറിഞ്ഞു. തുടർന്ന് പ്രതികൾ പെൺകുട്ടിയെ വാഹനത്തിൽ ഉപേക്ഷിച്ച് ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഗ്രാമീണർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തി. സംഭവത്തിൽ മൂന്ന് പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

