Spread the love

കോട്ടയം : സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ. അജിത് ബിജെപിയിലെത്തിയത് കോട്ടയത്തെ സിപിഐ നേതൃത്തെ ഞെട്ടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന രാഷ്ട്രീയ നീക്കം സിപിഐയുടെ കുത്തക മണ്ഡലമായ വൈക്കത്ത് പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. സിപിഐ പാരമ്പര്യമുളള കുടുംബമാണ് അജിത്തിന്റേത്. വൈക്കം മുന്‍ എംഎല്‍എ എം.കെ കേശവന്റെ മകനാണ്. രണ്ടു തവണ വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നാട്ടില്‍ നിന്നും മുന്‍എംഎല്‍എ പാര്‍ട്ടി വിട്ടത് സിപിഐക്ക് ക്ഷീണമാണ്. പ്രത്യേകിച്ചും നിയമസഭയില്‍ സിപിഐ സിറ്റിംഗ് എംഎല്‍എ ആശയ്ക്ക് വീണ്ടും സീറ്റു നല്‍കാന്‍ ഏറെക്കുറെ ധാരണയായിരിക്കെ.

പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അജിത് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ഈ വേദിയില്‍ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചു.
പെട്ടെന്നുള്ള തീരുമാനത്തിലല്ല ബിജെപിയില്‍ ചേര്‍ന്നതെന്നും പട്ടികജാതി വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതൃപ്തി സിപിഐ നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നുവെന്ന് അജിത് വെളിപ്പെടുത്തി.പരാതി പറഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും കാര്യമുണ്ടായില്ല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിമാരെ കൊണ്ടുവന്നത് ബിജെപിയാണ്. ആ പാര്‍ട്ടിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും അജിത് പറഞ്ഞു.

വൈക്കത്തെ ജനങ്ങളോട് ഭരണ, പ്രതിപക്ഷങ്ങള്‍ നീതി കാട്ടിയില്ല. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടത്തിയത്.തന്റെ ജനവിഭാഗത്തെ രക്ഷിക്കാന്‍ ബിജെപിക്ക് കഴിയുമെന്നും അജിത് പ്രതികരിച്ചു.