കോട്ടയം: കേരളാ കോൺഗ്ര് എം ഇടത് മുന്നണിയിൽ ഉറച്ചു നില്‍ക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി വൃക്തമാക്കിയിട്ടും രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കുന്നില്ല. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രാഹുല്‍ ഗാന്ധിയുമായും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായും ജോസ് കെ മാണി ഡൽഹിയിൽ വച്ച് ചര്‍ച്ചകൾ നടത്തിയതായി വിവരം പുറത്ത് വന്നിരിക്കുന്നത്. ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ ദിനപത്രം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.കെ.എം മാണിയുടെ കാലം മുതല്‍ കരിങ്ങോഴയ്ക്കല്‍ കുടുംബം ഗാന്ധി കുടുംബവുമായി നല്ല സൗഹൃദത്തിലാണ്. കെഎം. മാണി മരിച്ചശേഷം രാഹുല്‍ പാലായിലെ വസതിയില്‍ എത്തിയിരുന്നു.
വന്യജീവി ശല്യം ചര്‍ച്ച ചെയ്യാനായി അടിയന്തര നിയമസഭ സമ്മേളനം വിളിക്കണമെന്ന ജോസിന്റെ ആവശ്യം ഇടതുപക്ഷം വിട്ട് യുഡിഎഫിലേക്ക് ചേക്കേറാനുള്ള നീക്കമായിട്ടാണ് കണക്കാക്കുന്നത്. ഇക്കാരൃത്തിൽ എൽഡിഎഫ് മുന്നണി നേതൃത്വമോ മുഖൃമന്ത്രിയോ പ്രതികരിച്ചിട്ടുമില്ല.
എന്നാല്‍ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ എന്ന നിലയിലാണ് ജോസ് കെ മാണി, രാഹുലിനെയും വേണുഗോപാലിനെയും സന്ദർശിച്ചത് എന്നാണ് കേരളാകോൺഗ്രസ് വൃത്തങ്ങൾ വിശദീകരിക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് മുന്നണി പ്രവേശനം ഉണ്ടായാൽ ഭിന്നിച്ചു നിൽക്കുന്ന ക്രിസ്ത്യന്‍ വോട്ടുകൾ ഏകീകരിക്കാൻ ഉപകരിക്കും എന്ന വിലയിരുത്തലും കോൺഗ്രസ്സ് ക്യാമ്പിനുണ്ട്. നിലമ്പൂർ വിജയം ഉണ്ടാക്കിയ ആവേശത്തിൽ കോൺഗ്രസ് ഇക്കാര്യത്തിൽ സജീവ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരാൻ മുസ്ലിം ലീഗും ശ്രമിക്കുന്നുണ്ട്. ജോസിന് തിരുവമ്പാടി സീറ്റ് നൽകാമെന്ന് അവർ അറിയിച്ചിട്ടുണ്ട്. എന്നാൽ കോട്ടയം ജില്ല വിട്ട് പോകുന്നത് രാഷ്ട്രീയ ഗ്രാഫിൽ ഇടിവ് ഉണ്ടാക്കുമെന്ന് ജോസിന് ആശങ്കയുണ്ട്. എൽഡിഎഫിൽ നിന്നാൽ പാലായ്ക്ക് പകരം കടുത്തുരുത്തി യിൽ മത്സരിക്കാനാണ് സാധൃതയേറെ. കടുത്തുരുത്തി മന്ധലത്തിലെ സയൻസ് സിറ്റി ജോസ് കെ മാണിയുടെ വികസന നേട്ടമായി പാർട്ടി എടുത്തുകാട്ടി പ്രചാരണം ആരംഭിച്ചിട്ടുണ്ട്.സയൻസിറ്റി യാഥാർത്ഥൃമാക്കിയത് ജോസിന് യുവാക്കൾക്കിടയയിൽ വലിയ സ്വീകാരൃത ലഭിച്ചുവെന്നത് വാസ്തവമാണ്.കടുത്തുരുത്തി എംഎൽഎയായ മോൻസ് ജോസഫിനെ ഇത് അലേരസപ്പെടുത്തുന്നുണ്ട്.ജോസ് കെ മാണി നേരിട്ട് പങ്കെടുത്ത കടുത്തുരുത്തി മന്ധലത്തിലെ കുറവിലങ്ങാട്, കടുത്തുരുത്തി, കിടങ്ങൂർ, മാഞ്ഞൂർ, കടപ്ലാമറ്റം, കാണക്കാരി, മരങ്ങാട്ടുപള്ളി , ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളിലെ കേരളാ കോൺഗ്രസ് എം കൺവൻഷനുകളിലെ വലിയ ജനപങ്കാളിത്തമാണുണ്ടായിരുന്നത്. ഇത് ജോസ് കെ മാണിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.
അതേ സമയം ജോസ് യുഡിഎഫിൽ എത്തിയാൽ കടുത്തുരുത്തിയിലെ സിറ്റിംഗ് എംഎൽഎയായ മോൻസ് ജോസഫിനെ ഏറ്റുമാനൂരിൽ മത്സരിപ്പിക്കാനുമുള്ള ഫോർമുല യുഡിഎഫ് നേതൃത്വം ചർച്ചചെയ്യുന്നുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയാൽ മോൻസ് സമ്മതം മൂളാനാണ് സാധൃത.

