Spread the love

കൊട്ടാരക്കര: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയതു കണ്ടെന്ന് ഗണേഷിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ മൊഴി.എസ്.ഇ.സഞ്ജയ് ഖാനാണ് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ മൊഴിനൽകിയത്. 2001 മുതൽ 2004 വരെ ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു മുൻ ജില്ലാപ്പഞ്ചായത്തംഗംകൂടിയായ സഞ്ജയ് ഖാൻ.

മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ ഉൾപ്പെടുത്തി നാറ്റിക്കുമെന്നും അടുത്ത തവണ എൽഡിഎഫ് മുന്നണിയിൽ ചേർന്ന് എംഎൽഎയും മന്ത്രിയും ആകുമെന്നും അപ്പോൾ നമുക്ക് കാണാമെന്നും ഗണേശ് കുമാർ പറഞ്ഞതായി സഞ്ജയ്ഖാൻ മൊഴി നൽകിയിട്ടുണ്ട്.

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് 2013-ൽ മന്ത്രിസഭയിൽനിന്ന് ഗണേഷ് കുമാറിന് രാജിവെക്കേണ്ടിവന്നിരുന്നു. തന്നെ തിരിച്ചെടുക്കാൻ ഉമ്മൻചാണ്ടിക്കും യു.ഡി.എഫ്. നേതാക്കൾക്കും മേൽ സമ്മർദ്ദം ചെലുത്തണമെന്ന് പലപ്പോഴും ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.

2015 മേയ് മാസത്തിൽ, ഗണേഷ് കുമാർ പത്തനാപുരം ഓഫീസിലേക്ക് തന്നെ വിളിപ്പിച്ചു. കോൺഗ്രസ് നേതാവ് സി.ആർ.നജീബിനൊപ്പമാണു ചെന്നത്. ഓഫീസിൽ ചെല്ലുമ്പോൾ, സോളാർ കേസ് പ്രതി അവിടെയുണ്ടായിരുന്നു. ‘ഉമ്മൻചാണ്ടിയെക്കൂടി കേസിൽ ഉൾപ്പെടുത്തണം, അല്ലെങ്കിൽ നമ്മുടെ പദ്ധതി ശരിയാകത്തില്ല, ബാക്കിയെല്ലാം തന്റെ കൈയിലാണ്’ എന്ന് ഗണേഷ് കുമാർ അവരോടു പറയുന്നത് ഞങ്ങൾ കേട്ടു.മറുപടിയായി അവർ ഒ.കെ. എന്നു പറഞ്ഞശേഷം പോകുകയായിരുന്നു. തങ്ങളോട് സൗഹൃദത്തോടെയും അല്പം ഭീഷണിയുടെ സ്വരത്തിലുമാണ് ഗണേഷ് കുമാർ പിന്നീടു സംസാരിച്ചത്. തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഉമ്മൻചാണ്ടിയെ സഹിതം പീഡനക്കേസിൽ ഉൾപ്പെടുത്തി നാറ്റിക്കും. അടുത്ത തവണ എൽ.ഡി.എഫ്. മുന്നണിയിൽ ചേർന്ന് വേണ്ടതു ചെയ്യും. അപ്പോൾ നമുക്കു കാണാമെന്നും ഗണേഷ് കുമാർ പറഞ്ഞു.

അതേസമയം വിവരം അന്നുതന്നെ ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ അസിസ്റ്റന്റിനെ ഫോണിലൂടെ അറിയിച്ചിരുന്നു’- സഞ്ജയ്ഖാന്റെ മൊഴിയിൽ പറയുന്നു.

 

സോളാർ പീഡനക്കേസിലെ പരാതിക്കാരി സോളർ അന്വേഷണ കമ്മിഷന് മുന്നിൽ ഹാജരാക്കിയ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് ഫയൽ ചെയ്ത ഹർജിയിലെ സാക്ഷിയാണ് സഞ്ജയ്ഖാൻ