Spread the love

ന്യൂദല്‍ഹി : ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി. ഇനി രാജ്യത്ത് ഉപഗ്രഹത്തില്‍ നിന്നും തടസരഹിത ഇന്റര്‍നെറ്റ് ലഭിക്കും. ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞയാഴ്ചയാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്.അതിനിടെ, ഇന്ത്യന്‍ വിപണിയിലെ പ്രൈസിങ് കമ്പനി അന്തിമമാക്കിയിട്ടുണ്ടെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. സാറ്റലൈറ്റ് ഡിഷ് ഏകദേശം 33,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങേണ്ടിവരും. പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാന്‍ 3,000 രൂപയ്ക്ക് ലഭ്യമാകുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണന തന്ത്രത്തിന്റെ ഭാഗമായി ഓരോ ഉപകരണം വാങ്ങുമ്പോഴും സ്റ്റാര്‍ലിങ്ക് ഒരു മാസത്തെ സൗജന്യ ഉപയോഗം (കോംപ്ലിമെന്ററി ട്രയല്‍) വാഗ്ദാനം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം

internet travel

സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ നല്‍കിത്തുടങ്ങുന്നതിനുമുമ്പ് ഉപയോക്താക്കള്‍ക്ക് സ്റ്റാര്‍ലിങ്ക് സേവനം അനുഭവിച്ചറിയാന്‍ അവസരം നല്‍കുന്നതിനാണ് ഒരുമാസത്തെ കോംപ്ലിമെന്ററി ട്രയല്‍. കമ്പനിയുടെ ആഗോള നയത്തിന്റെ ഭാഗമായാണിത്. പ്രദേശവും ഉപയോഗ സാഹചര്യവും അനുസരിച്ച് വ്യത്യാസപ്പെടുന്ന റെസിഡന്‍ഷ്യല്‍ പ്ലാനുകള്‍ കമ്പനി ലഭ്യമാക്കും. സ്റ്റാര്‍ലിങ്ക് നിലവില്‍ 25 എംബിപിഎസ് മുതല്‍ 220 എംബിപിഎസ് വരെ വേഗതയിലാണ് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. പല ഉപയോക്താക്കള്‍ക്കും 100 എംബിപിഎസിന് മുകളില്‍ വേഗത ലഭിക്കും.

സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് ഡിജിറ്റല്‍ കണക്റ്റിവിറ്റി രംഗത്ത് കാര്യമായ മാറ്റം വരുത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ഒറ്റപ്പെട്ട ഗ്രാമീണ മേഖലകളിലും ഫൈബര്‍-ഒപ്റ്റിക് കേബിളുകളും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ഇപ്പോഴും എത്തിച്ചേരാത്ത സ്ഥലങ്ങളിലും ഇത് വലിയ മാറ്റംകൊണ്ടുവരും. താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല ഉപയോഗിച്ചാണ് ഇത്തരം പ്രദേശങ്ങളിലടക്കം വേഗതയേറിയതും സ്ഥിരതയുള്ളതുമായ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്ക് ലക്ഷ്യമിടുന്നത്.

ഇതോടെ നിലവിലുളള കേബിള്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ കടുത്ത മത്സരം നേരിടേണ്ടിവരും. കേരളത്തെപോലെ ഭിന്ന കാലാവസ്ഥയും കനത്തമഴയും വെല്ലുവിളി ഉയര്‍ത്തുന്ന കേരളത്തില്‍ തടസമില്ലാത്ത സേവനം ഉറപ്പാക്കാന്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് വഴി കഴിയുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് അവശ്യമായ ഐടി മേഖലയില്‍. വന്‍കിട ഐടി കമ്പനികളും വ്യവസായികളും പുതിയ സംവിധാനത്തിലേക്ക് മാറിയാല്‍ നിലവിലുളള കേബിള്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് അത് കടുത്ത വെല്ലുവിളിയാകും.

ഫൈബര്‍ അല്ലെങ്കില്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകളെ ആശ്രയിക്കാതെയാണ് ഈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നത്. മറ്റുരാജ്യങ്ങളിലെ കമ്പനിയുടെ തന്ത്രത്തിന് സമാനമായ രീതിയില്‍ തന്നെയാണ് ഇന്ത്യയിലെ വിലനിര്‍ണയ രീതി. ബംഗ്ലാദേശിലും ഭൂട്ടാനിലും സമാനമായ വിലയാണ് സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ക്കുള്ളത്. അവിടെയും സാറ്റലൈറ്റ് ഡിഷ് ഉപകരണത്തിന് 33,000 രൂപയാണ് വില. കമ്പനിയുടെ ഏകീകൃത സമീപനം ഇന്ത്യയിലും പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 100-ലധികം രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനക്ഷമമാണ്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനായി സ്റ്റാര്‍ലിങ്ക് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവരുമായി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്.

.