കോട്ടയം : മുന്നണി മാറ്റം നിഷേധിച്ചുവെങ്കിലും കേരള കോൺഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ ചേരാനിരിക്കെ ജോസ് കെ മാണിയും പ്രമുഖ നേതാക്കളും സിപിഎം റഡാറിലായി.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ മാറ്റം ആവശ്യപ്പെടുന്ന നേതാക്കളെല്ലാം തന്നെ ശക്തമായ നിരീക്ഷണത്തിലാണ്.രണ്ടാം നിര നേതാക്കളുടെ നീക്കങ്ങളും സിപിഎം കേന്ദ്രങ്ങൾ ചില ദൂതൻമാർ വഴി സസൂഷ്മം വിലയിരുത്തപ്പെടുന്നു.
ജോസ് കെ മാണിയെ എൽഡിഎഫിൽ എത്തിക്കാൻ ചുക്കാൻ പിടിച്ച മന്ത്രി വിഎൻ വാസവൻ ജോസ് കെ മാണിയുമായി കൂടികാഴ്ച നടത്തിയത് രക്ഷാദൗത്യമെന്ന നിലയിലാണ്. അനുനയങ്ങളും പാർട്ടിയിൽ ഒരു പിളർപ്പെന്ന സാഹചര്യമുണ്ടാകുന്ന ഭീഷണിയെയും അതിജീവിക്കാൻ ജോസിന് കഴിയുമോ എന്ന ആശങ്ക അറിയിച്ചതായാണ് വിവരം.
കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ ചർച്ചകൾക്കിടയിൽ അഞ്ചുവർഷം മുമ്പ് പ്രഖ്യാപിച്ച കെഎം മാണി സ്മാരകത്തിന് സംസ്ഥാന സർക്കാർ സ്ഥലം അനുവദിച്ചത് അനുനയ നീക്കത്തിന്റെ ഭാഗം.
തങ്ങൾ എൽഡിഎഫ് വിടില്ലെന്ന് ജോസ് കെ മാണി ആവർത്തിക്കുമ്പോഴും വരികൾക്കിടയിൽ എൽഡിഎഫ് സംശയവും യുഡിഎഫ് പ്രതീക്ഷയും വെച്ച് പുലർത്തുന്നു.
വാർത്താസമ്മേളനത്തിൽബൈബിൾ വചനത്തിലുള്ള തുടക്കം മുതൽ ജോസ് കെ മാണിയുടെ മനസ്സ് വായിക്കാം.
രണ്ട് ദിവസത്തിനുള്ളില് രാഷ്ട്രീയ വിസ്മയം എന്ന പ്രതിപക്ഷ നേതാവ് വി സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സിപിഎം കേരള കോൺഗ്രസിലെ രണ്ട് പ്രമുഖരെ ചേർത്തുനിർത്തി. ജോസ് കെ മാണി ദുബായിൽ നിന്നും മടങ്ങിയെത്തിയപ്പോൾ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞിരുന്നു. അതിനുശേഷമാണ് ജോസ് കെ മാണി ഫേസ്ബുക്കിൽ തൻറെ അഭിപ്രായം പങ്കുവെച്ചത്.
എന്നാൽ കെഎം മാണിയുടെ കുടുംബത്തിൻറെ വിശ്വസ്തരായ ജോബ് മൈക്കിളും, സെബാസ്റ്റ്യൻ കുളത്തുങ്കലും വിഷയത്തിൽ പ്രതികരിച്ചില്ല. ചീഫ് വിപ്പ് എൻ ജയരാജും മൗനത്തിലായി. ഈ മൂന്നു മണ്ഡലങ്ങളിലുമുള്ള യുഡിഎഫ് ശക്തിയാണ് ഇവരെ പ്രതിരോധത്തിൽ ആക്കിയത്.
റോഷിക്ക് ഇടുക്കിയിലെ യുഡിഎഫിൽ ഇപ്പോൾ സ്വീകാര്യത ഇല്ല. പ്രമോദ് നാരായണൻ സിപിഎമ്മിന്റെ സന്തതസഹചാരിയാണ്. അഥവാ ജോസ് മറുകണ്ടം ചാടാൻ തീരുമാനിച്ചാൽ ഇവരെ തങ്ങൾക്കൊപ്പം ഉറപ്പിച്ചുനിർത്താൻ ആണ് എൽഡിഎഫ് പദ്ധതി തയ്യാറാക്കിയത്.
ദുബായിൽ നിന്നും മടങ്ങി വന്നപ്പോൾ പാർട്ടിയിലെ ഭിന്നത മനസ്സിലാക്കിയതോടെ ജോസ് കെ മാണി ഉടൻ വാർത്ത സമ്മേളനംവിളിക്കുകയായിരുന്നു.അതിനുമുമ്പ് തന്നെ സിപിഎമ്മിന്റെ ദൂതർ ജോസിനെ സമീപിച്ചിരുന്നു.
ക്രൈസ്തവ സഭകളും ലീഗും
ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിനായി പരിശ്രമിക്കുന്നത് മുസ്ലീം ലീഗും ക്രൈസ്തവ സഭകളുമാണ്. സഭകൾ സമ്മർദ്ദം ചെലുത്തുന്ന വിവരം പ്രമോദ് നാരായണൻ എം. എൽ എ വെളിപ്പെടുത്തിക്കഴിഞ്ഞു.
റോഷി പവർ
കേരള കോൺഗ്രസ് എമ്മിൽ ജോസ് കെ മാണിയെക്കാൾ അധികാരത്തിൽ ഒന്നാമൻ റോഷി അഗസ്റ്റിനാണ്. കെഎം മാണിയുടെ വത്സല ശിഷ്യനായ രാഷ്ട്രീയത്തിലെത്തിയ റോഷിയെ മന്ത്രി പദത്തിലേക്ക് തീരുമാനിച്ചതും കരിങ്ങോഴിക്കൽ കുടുംബം ഏക മനസ്സോടെയാണ്. എന്നാൽ മന്ത്രി പദത്തിൽ എത്തിയതോടെ റോഷി പലപ്പോഴും ഏകപക്ഷീയ നിലപാടുകളിലേക്ക് മാറിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റോഷിയുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നതിൽ പോലും പാർട്ടിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല. ചില വിദേശ ബന്ധങ്ങളിലുള്ള ശുപാർശകളാണ് അന്ന് റോഷി അംഗീകരിച്ചത്. പുറമേ സിപിഎമ്മിന്റെ നോമിനികളും.ഇതോടെ പാർട്ടി തീർത്തും വെട്ടിലായി.
കേരള കോൺഗ്രസിൽ എന്നും സർക്കാർ പദവി വഹിക്കുന്നവർക്കാണ് പവർ. 50 വർഷത്തോളം പാലായുടെ പ്രതിനിധിയായിരുന്ന കെഎം മാണി ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. മന്ത്രി പദത്തിൽ റെക്കോർഡ് ഇട്ട കെഎം മാണി പാർട്ടി ചെയർമാൻ സ്ഥാനത്തും തുടർന്നു. പക്ഷേ ജോസ് കെ മാണിക്ക് അത് സാധിച്ചില്ല.
ജോസിന് സുരക്ഷിത മണ്ഡലം മാണി സാറിൻറെ പരിഗണന
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ കിട്ടിയില്ലെങ്കിൽ സുരക്ഷിത സീറ്റും ഭരണം ലഭിച്ചാൽ കെഎം മാണിക്ക് നൽകിയ പരിഗണനയുമാണ് യുഡിഎഫ് മുന്നോട്ട് വച്ചിരിക്കുന്നത്. പാലായിൽ മാണി സി കാപ്പൻ വീട്ടു വീഴ്ച യില്ലാത്ത നിലപാട് സ്വീകരിച്ചാൽ മുസ്ലിം ലീഗ് മലബാറിൽ സുരക്ഷിത മണ്ഡലം ജോസിന് നൽകും. അതാണ് യുഡിഎഫ് ജോസ് കെ മാണിക്ക് നൽകിയിരിക്കുന്ന ഉറപ്പ്. ഇതിനകം തന്നെ കേരള കോൺഗ്രസ് എം ജില്ലാ ഘടകങ്ങൾ ചെയർമാന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടതുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയെങ്കിലും പാലായിൽ ജോസ് കെ മാണി വിജയിച്ചില്ല. ഇതോടെ കരിങ്ങോഴയ്ക്കൽ കുടുംബത്തിൻറെ പ്രതീക്ഷ തകർന്നു. ക്രൈസ്തവസഭകളും കെഎം മാണിയുടെ മകൻറെ പരാജയത്തിൽ അന്നുമുതൽ ദു:ഖിതരാണ്. കെഎം മാണിയുടെ പിൻഗാമികളെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് തന്നെയാണ് ക്രൈസ്തവ സഭകളുടെ കണക്കുകൂട്ടൽ.ഇതിനുവേണ്ട ഇടപെടലുകളാണ് യുഡിഎഫിൽ നടത്തിയത്. ദേശീയതലത്തിൽ കോൺഗ്രസിന്റെ ഭാഗമായി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പം കേരളത്തിലെ രാഷ്ട്രീയ കുടുംബത്തെയും നിലനിർത്താനാണ് സഭകൾ ആഗ്രഹിക്കുന്നത്.
എന്നാൽ നാളെ നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ ജില്ലാ ഘടകങ്ങളുടെ അഭിപ്രായത്തോട് റോഷിയും പ്രമോദും യോജിക്കാൻ ഇടയില്ല.അങ്ങനെയെങ്കിൽ ചർച്ച തൽകാലത്തേക്ക് മരവിപ്പിക്കും. പിന്നീട് രാഷ്ട്രീയ സാഹചര്യം നോക്കി പെട്ടെന്ന് തീരുമാനത്തിലേക്ക് കടക്കാനാണ് സാധ്യത.

