തിരുവനന്തപുരം ∙ സംസ്ഥാനത്ത് ശക്തമായി മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ നാളെയും യെലോ അലർട്ടാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. ഇന്നും നാളെയും കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.
അതേസമയം തുലാമഴയില്‍ വലയുന്ന കേരളത്തിന് ഭീഷണിയായി ചുഴലിക്കാറ്റും വരുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. ഇത് ഞായറാഴ്ച യോടെ തീവ്ര ന്യൂനമര്‍ദമായും ശേഷം ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയെന്നാണ് പ്രവചനം. കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച ‘മൊൻ ന്ത’ എന്ന പേരാണ് നൽകിയിരിക്കുന്നത്. തായ് ഭാഷയിൽ മനോഹരമായ, സുഗന്ധമുള്ള പുഷ്പം എന്നാണ് അർഥം
24 മണിക്കൂറിൽ 64.4 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 28 വരെ മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.

