തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ പ്രവചിച്ചിരിക്കുന്നത്. 2.5 എം.എം മുതൽ 15 എം.എം വരെ മഴ ലഭിച്ചേക്കാം.
അതേസമയം അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. തെക്കൻ ജില്ലകളിൽ മഴ സാധ്യതയുണ്ടെങ്കിലും വടക്കൻ കേരളത്തിൽ ചൂട് ശക്തമായി തുടരും. പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് ഉത്തരവിറങ്ങി.

