Spread the love

കൊച്ചി : ഒരു കാലത്ത് മോട്ടിവേഷൻ ക്ലാസുകളിലൂടെ ശ്രദ്ധ നേടിയ ജിജി മാരിയോയും മാരിയോ ജോസഫും പിന്നീട് ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കങ്ങളും കയ്യാങ്കളിയുമെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെ, ഒരിക്കൽ പങ്കുവച്ചിരുന്ന മോട്ടിവേഷണൽ വീഡിയോകൾ പോലും ട്രോളുകൾക്ക് കാരണമായി.

എന്നാൽ ആ വിവാദങ്ങൾക്കു ശേഷം സ്വന്തം ജീവിതം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജിജി മാരിയോ. അച്ചാർ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ ബിസിനസ് ആരംഭിച്ച ജിജി, അതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കുന്നുണ്ട്. പ്രതിസന്ധികളെയും വിമർശനങ്ങളെയും മറികടന്ന് സംരംഭകയായി മുന്നോട്ടുപോകുകയാണ് ഇപ്പോൾ.

ഒരു ചാനെൽ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് ജിജി സംസാരിച്ചത്. അകന്നുകഴിയുകയാണെങ്കിലും ‘മാരിയോ’ എന്ന പേര് മാറ്റാൻ തനിക്ക് ആഗ്രഹമില്ലെന്നും കഴുത്തിലെ താലി ഇപ്പോഴും അഴിച്ചിട്ടില്ലെന്നും ജിജി പറഞ്ഞു.

‘തിരിച്ചുവരുമെന്ന് കരുതിയില്ല’

അപ്രതീക്ഷിതമായാണ് ജീവിതത്തിൽ ചില തിരിച്ചടികൾ ഉണ്ടായതെന്നും മറ്റൊരു വഴിയില്ലാത്ത സാഹചര്യത്തിലാണ് ബിസിനസിലേക്ക് ഇറങ്ങിയതെന്നും ജിജി പറഞ്ഞു. താൻ എപ്പോഴും കാര്യങ്ങളെ പോസിറ്റീവായി കാണാൻ ശ്രമിക്കുന്ന വ്യക്തിയാണെന്നും അവർ വ്യക്തമാക്കി.

“സഹിക്കാനാകാത്ത സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടുപോയത്. ആ അനുഭവം തന്നെയാണ് ഇപ്പോഴത്തെ എന്റെ ഊർജം. കുടുംബജീവിതം തകർന്നുവെന്ന് സമൂഹത്തോട് പറയാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തി. പലരും അതിനെ ആഘോഷമാക്കി,” എന്നായിരുന്നു ജിജിയുടെ വാക്കുകൾ.

പ്രതിസന്ധിയുടെ കാലത്ത് താൻ ആത്മഹത്യ ചെയ്യുമോ എന്നുപോലും ചിലർ ആശങ്കപ്പെട്ടിരുന്നുവെന്നും ജിജി പറഞ്ഞു. എന്നാൽ, ഒരിക്കൽ മറ്റുള്ളവരോട് പ്രതിസന്ധികളിൽ നിന്ന് എഴുന്നേൽക്കണമെന്ന് പറഞ്ഞിരുന്ന തനിക്ക് സ്വന്തം ജീവിതത്തിലും അതുതന്നെ ചെയ്യേണ്ടി വന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

‘വീണിടത്ത് നിന്ന് എഴുന്നേറ്റു’

സ്വന്തം അനുഭവങ്ങളാണ് മോട്ടിവേഷൻ ക്ലാസുകളിൽ പങ്കുവച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ ജീവിതത്തിലെ തിരിച്ചടികളെയും നേരിടാൻ കഴിഞ്ഞെന്നും ജിജി പറഞ്ഞു. പൊലീസിൽ പരാതി നൽകിയപ്പോൾ പിന്തുണ ലഭിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.

അതേസമയം വിവാദങ്ങൾക്കു പിന്നാലെ മൂന്ന് മാസത്തോളം പുറത്തിറങ്ങാതെ കഴിഞ്ഞതായും ജിജി പറഞ്ഞു. മക്കൾക്ക് കോളജിൽ പോകാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്ന കാലമായിരുന്നു അതെന്നും, ഏറെ വേദനിച്ചെങ്കിലും ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നിയിട്ടില്ലെന്നും അവർ പറഞ്ഞു.

‘ആറ്–ഏഴ് മാസം കൊണ്ട് ഒരു കോടി ടേണോവർ’

കഴിഞ്ഞ ജനുവരിയിലാണ് ജിജി ഭക്ഷ്യ ഉൽപന്നങ്ങളുടെ കമ്പനി ആരംഭിച്ചത്. ആറ്–ഏഴ് മാസത്തിനുള്ളിൽ സ്ഥാപനത്തിന്റെ ടേണോവർ ഒരു കോടി രൂപയിലെത്തിയെന്നും പുതിയൊരു യൂണിറ്റ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്നും അവർ പറഞ്ഞു. നിലവിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ കൂടുതൽ ജീവനക്കാരുടെ സഹായമുണ്ടെന്നും ജിജി വ്യക്തമാക്കി.

താൻ ഇപ്പോൾ താമസിക്കുന്ന വീട് തന്റെയും ഭർത്താവിന്റെയും പേരിലാണെന്നും അതിന്റെ വായ്പ താനാണ് അടയ്ക്കുന്നതെന്നും ജിജി പറഞ്ഞു. മറ്റൊരു വീടും ഇരുവരുടെയും പേരിലുണ്ടെന്നും സ്വത്തുക്കൾ ഒരാളുടെ മാത്രം ഉടമസ്ഥതയിലല്ലെന്നും അവർ വ്യക്തമാക്കി.

‘മാരിയോ എന്ന പേര് മരണം വരെ ഒപ്പമുണ്ടാകും’

ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടാകുമെന്നും, താൻ എടുത്ത തീരുമാനങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് കരുതുന്നില്ലെന്നും ജിജി പറഞ്ഞു. ആരെയും കുറ്റപ്പെടുത്താൻ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി.

“യഥാർഥ സ്നേഹം ഒരിക്കലും മരിക്കില്ല. എന്റെ കഴുത്തിൽ ഇപ്പോഴും താലിയുണ്ട്. മരണം വരെ മാരിയോ എന്ന പേര് എനിക്കൊപ്പം ഉണ്ടാകും,” ജിജി പറഞ്ഞു.