Spread the love

മുഖ്യമന്ത്രിയെയും വനംമന്ത്രിയെയും വിമര്‍ശിച്ച്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മുന്‍ മന്ത്രി എം.എം മണി

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും വനംവകുപ്പ് മന്ത്രിയെയും വിമര്‍ശിച്ച് മുതിര്‍ന്ന മുന്‍ മന്ത്രി എം എം മണി. വി ഡി സതീശന്‍ തിരുവനന്തപുരത്ത് ഇരുന്നാല്‍ മതി. ആളെക്കൂട്ടി സെക്രട്ടറിയേറ്റിലേയ്ക്ക് വരാന്‍ മടിക്കില്ല. ഷിബു ബേബി ജോണിന്റെ പിതാവിന് നല്ല പേരുണ്ട്. അതുവച്ച് ഉമ്മാക്കി കാണിക്കാന്‍ വരരുതെന്നുമായിരുന്നു മണിയുടെ വിമര്‍ശനം.

പ്രസംഗത്തിനിടെ മണി വനംവകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്യാദയ്ക്കല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല. മര്യാദയ്ക്കിരുന്നില്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും. വീട്ടില്‍ ഭാര്യയും മക്കളുമുണ്ടെന്ന കാര്യം ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം. വീട്ടില്‍ മടങ്ങിവരുമെന്ന് പറഞ്ഞല്ല ഞങ്ങള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. 150 വര്‍ഷംമുന്‍പ് വനമായിരുന്നുവെന്നുപറഞ്ഞ് താമസിക്കുന്ന സ്ഥലം പിടിച്ചെടുക്കാന്‍ വരേണ്ട. വന്നാല്‍ അവിടെവച്ച് നേരിടുമെന്നായിരുന്നു എം എം മണി ഭീഷണിപ്പെടുത്തിയത്. റവന്യൂ ഭൂമി വനംവകുപ്പ് കയ്യടക്കുന്നുവെന്നാരോപിച്ച് ഇടുക്കി കഞ്ഞിക്കുഴിയില്‍ കര്‍ഷകസംഘം, നഗരംപാറ റേഞ്ച് ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.