Spread the love

കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടൻ ടിനി ടോം. ദൈവത്തിന് സത്യം അറിയാം, നമുക്ക് വേണ്ടി ദൈവം പോരാടും എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ടിനിക്ക് ജാമ്യം അനുവദിച്ചത്.

‘ദൈവത്തിന് സത്യം അറിയാം… അവിടുന്ന് നമുക്കുവേണ്ടി പോരാടും… ആവേ മരിയ… കൃപാസനം വിശ്വാസി’ എന്ന കുറിപ്പോടെ കൃപാസനത്തിൽ മാതാവിന്റെ രൂപത്തിൽ തൊടുന്ന ഫോട്ടോയാണ് ടിനി പങ്കുവെച്ചിട്ടുള്ളത്. അൻസിബയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരുന്നത്. നിരവധി ആരാധകരാണ് ടിനിയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.