Spread the love

മുംബൈ: മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ വനിതാ ഗുസ്തിതാരം കുട്ടികളോടൊപ്പം ആത്മഹത്യ ചെയ്തു. അശ്വിനി മനോഹർ പോൾ(30) ആണ് നാൽദുർഗ് കോട്ടയിൽ നിന്ന് ചാടിമരിച്ചത്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ നൽദുർഗ് കോട്ടയിൽ നിന്നാണ് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് അശ്വിനി ചാടിയത്. മകനും ഇരട്ട പെൺമക്കളും അടങ്ങുന്ന മൂന്നു കുട്ടികളോടൊപ്പമായിരുന്നു താരത്തിന്റെ കടുംകൈ.

അശ്വിനിയും അഞ്ചര വയസ്സുള്ള മകൻ അജിങ്ക്യയും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടര വയസ്സുള്ള ഇരട്ട പെൺമക്കളിൽ ഒരാളായ ക്രാന്തി ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിത്. ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെ മകൾ വീരയെ ധാരാശിവിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടാണ് സംഭവം. കോട്ടയിലെ ഏറ്റവും ഉയരമുളള ഭാഗത്ത് നിന്നുമാണ് ഇവർ ചാടിയത്.

അതേസമയം ഗുസ്തിയിൽ മഹാരാഷ്ട്രയുടെ പെണ്‍പുലിയെന്ന് അറിയപ്പെട്ടിരുന്ന അശ്വനി കടുത്ത മാനസികസമ്മർദത്തിലായിരുന്നുവെന്നാണ് സൂചന. ഭർതൃവീട്ടിൽ നിന്നും മാനസികപീഡനം ഉണ്ടായതായി കുടുംബവും ആരോപിച്ചു. ദേശീയ മത്സരങ്ങളിൽ അഞ്ച് സ്വർണ്ണമെഡലുകളും നാല് വെളളിമെഡലുകളും സ്വന്തമാക്കിയ താരം മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സിൽ നിന്നും നാല് മാസം മുൻപ് രാജിവച്ചിരുന്നു. അശ്വിനി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.13ണ് മൂന്ന് കുട്ടികളോടൊപ്പം കോട്ടയ്ക്കുള്ളിലേക്ക് പ്രവേശിച്ചതെന്ന് എൻട്രി റജിസ്റ്റർ വ്യക്തമാക്കുന്നു.

കോട്ടയ്ക്കുള്ളിലേക്ക് ഭക്ഷണം കൊണ്ടുപോകുന്നതിനുള്ള വിലക്ക് ലംഘിച്ച് കേക്കും ചോക്ലേറ്റുകളുമായി എത്തിയപ്പോൾ എൻട്രി കൗണ്ടറിലെ ജീവനക്കാരൻ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാൽ കുട്ടിയുടെ ജന്മദിനമാണെന്നാണ് അശ്വിനി ജീവനക്കാരോട് പറഞ്ഞത്.