Spread the love

ഗായിക റിമി ടോമി വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ വരനെ പരിചയപ്പെടുത്തി താരം. തന്റെ ജിം ട്രെയിനറും മലയാളിയുമായ ലിബിൻ മാത്യുവാണ് വരനെന്ന് റിമി യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ഏറെ നാളായുള്ള സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.

നവംബർ 14ന് മുംബൈയിലെ ഡോംബിവല്ലി മാർത്തോമ്മ പള്ളിയിൽവച്ചാണ് വിവാഹം. ലിബിനൊപ്പം കഴിയുമ്പോൾ ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും അനുഭവപ്പെടുന്നുണ്ടെന്നും ഏറ്റവും അടുത്ത സുഹൃത്തായാണ് അദ്ദേഹത്തെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതെന്നും റിമി പറഞ്ഞു.

വിവാഹവാർത്ത ആരാധകരുമായി നേരിട്ട് പങ്കുവയ്ക്കാനാണ് യൂട്യൂബ് വിഡിയോ ചെയ്തതെന്ന് റിമി വ്യക്തമാക്കി. മാർച്ചിലാണ് ലിബിനെ ആദ്യമായി കണ്ടതെന്നും അതിന് മുൻപുതന്നെ വിവാഹത്തിലേക്ക് എത്താനുള്ള തീരുമാനമെടുത്തിരുന്നുവെന്നും താരം പറഞ്ഞു. ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർഥിച്ചിരുന്ന സമയത്താണ് ഇരുവരും ഒന്നിച്ചതെന്നും റിമി കൂട്ടിച്ചേർത്തു.

rimi-libin

ലിബിൻ മുംബൈയിൽ താമസിക്കുന്ന ബോഡി ബിൽഡറും റിമിയുടെ ജിം ട്രെയിനറുമാണ്. ജീവിതത്തിൽ അച്ഛന്റെയും ചേട്ടന്റെയും ഭർത്താവിന്റെയും സ്ഥാനങ്ങൾക്കപ്പുറം മികച്ച സുഹൃത്തായാണ് ലിബിനെ കാണുന്നതെന്നും റിമി പറഞ്ഞു. അദ്ദേഹത്തോടൊപ്പം നിൽക്കുമ്പോൾ എന്തുവന്നാലും കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസം ലഭിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

വിവാഹം ചെറിയ ചടങ്ങായിരിക്കുമെന്നും സിനിമാ-സംഗീത മേഖലയിലുള്ളവരെ പോലും ക്ഷണിക്കുന്നില്ലെന്നും റിമി അറിയിച്ചു. വിവാഹശേഷം കൂടുതലും മുംബൈയിലായിരിക്കും താമസമെന്നും താരം പറഞ്ഞു. ആരാധകരുടെ പ്രാർഥനയും അനുഗ്രഹവും പിന്തുണയും അഭ്യർഥിച്ച റിമി, മുൻ ഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വാർത്തകളും വിഡിയോകളും പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. അദ്ദേഹം ഇപ്പോൾ സ്വന്തം ജീവിതവുമായി മുന്നോട്ടുപോകുകയാണെന്നും റിമി പറഞ്ഞു.