Spread the love

തിരുവനന്തപുരം: ശ്രീകാര്യം സംഗീത് നഗറിൽനിന്ന് കാണാതായ 17കാരൻ അഭിറാമിനെ   കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. പാങ്ങപ്പാറയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

അഭിറാം എം.ഡി. (അച്ചു) എന്ന വിദ്യാർഥിയെ ഞായറാഴ്ച വൈകീട്ടാണ് കാണാതായത്. ഇൻസ്റ്റഗ്രാമിൽ കോൾ വന്നതിന് പിന്നാലെയാണ് കുട്ടി വീട്ടിൽനിന്ന് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.

ഞായറാഴ്ച വൈകീട്ട് മൂന്നോടെ സുഹൃത്തിന്റെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് അഭിറാം വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് പിതാവ് അറിയിച്ചു. പിന്നീട് ഫോണിൽ വിളിച്ച് ഉടൻ തിരിച്ചെത്തുമെന്ന് പറഞ്ഞെങ്കിലും ഫോൺ സ്വിച്ച് ഓഫായി. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

കുട്ടിക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് പാങ്ങപ്പാറയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.