കോടതി പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ മാണി സാര്‍ രാജിവച്ചത് ചൂണ്ടികാട്ടി മാണി സി കാപ്പന്റെ രാഷ്ട്രീയ ധാര്‍മികതയിലേക്ക് വിരല്‍ ചൂണ്ടി ജോസ് കെ മാണി
വ്യാജ ചെക്ക് കേസിലെ വിധിയുടെ വെളിച്ചത്തില്‍ മാണി സി കാപ്പന് രാജിവയ്ക്കണമോ എന്നത് അദേഹം തന്നെ തീരുമാനിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു.
ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ ഉടന്‍ രാജിവയ്ക്കുക എന്നത് ശരിയാവില്ല. പ്രായോഗികവുമല്ല. എന്നാല്‍ മാണി സി കാപ്പന്റെ കേസ് ഏഴുവര്‍ഷമായി നടപടികളിലാണ്. കോട്ടയത്ത് വന്ന് വാദി പത്രസമ്മേളനം നടത്തി. കോടതിയില്‍ പോയി മാണി സി കാപ്പന് ജാമ്യമെടുത്തു. പലതവണ കോടതി സിറ്റിം്ഗ് നടത്തി. എന്നിട്ടും താന്‍ അറിഞ്ഞില്ലെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കലാണ്. രാഷ്ട്രീയ ധാര്‍മിതയുടെ പേരില്‍ രാജിവയ്ക്കണമോ എന്ന് തീരുമാനിക്കണം. സീസറുടെ ഭാര്യ സംശയത്തിന് അതീതമായിരിക്കണമെന്ന കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജി സമര്‍പ്പിച്ച നേതാവാണ് കെഎം മാണി. കുറ്റക്കാരനാണെന്ന് വിധിച്ചില്ല. ഒരു പരാമര്‍ശം മാത്രം. അങ്ങനെയുളള പാലായില്‍ ഇത് അപമാനമാണ്. അഭിമാനമാണെന്ന് പാലാക്കാര് കരുതില്ല.
പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട സി പി എം സി പി ഐ തര്‍ക്കം പൊതുവേദിയില്‍ ചര്‍ച്ചയാക്കിയതില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി വീണ്ടും അതൃപ്തി പ്രകടിപ്പിച്ചു. എല്‍ ഡി എഫിന് മുന്നണിക്ക് ഉള്ളില്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്ന വിഷയങ്ങള്‍ മാത്രമേയുള്ളൂവെന്നും, അത്തരം കാര്യങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കേണ്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസന-ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകാനാണ് ഇടതുമുന്നണി മുന്‍ഗണന നല്‍കേണ്ടതെന്നും, മുന്നണിക്കുള്ളിലെ വിഷയങ്ങള്‍ അതിനുള്ളില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

