നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് എട്ട് എന്‍ജി. വിദ്യാര്‍ഥികള്‍ മരിച്ചു
തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ദിണ്ടിഗലിലെ പിഎസ്എന്‍എ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
പനമ്പിക്കുന്ന് സെന്ററില്‍ വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗല്‍ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗല്‍ സ്വദേശി യുവസഞ്ജിത് (20) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മറ്റ് മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് മൃതദേഹങ്ങള്‍. രാവിലെ ഒമ്പതുമണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നും വിദ്യാര്‍ത്ഥികളുടെ മുഖം പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നുമാണ് അപകടസമയത്ത് സ്ഥലത്തെത്തിയ നാട്ടുകാര്‍ പറയുന്നത്. ഇടിയുടെ ആഘാതത്തതില്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കാറില്‍ നിന്ന് തെറിച്ച് ലോറിയുടെ പുറത്തേക്ക് വീണു. നാട്ടുകാരും അഗ്‌നിശമനസേനയും പൊലീസും ഏറെ നേരം ശ്രമിച്ചാണ് ആളുകളെ പുറത്തെടുത്തത്.
കണ്ടുനില്‍ക്കാനാവാത്ത അവസ്ഥയായിരുന്നുവെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പറഞ്ഞത്. വിദ്യാര്‍ഥികളുടെ കണ്ണുകള്‍ പോലും പുറത്തേക്ക് വന്ന നിലയിലായിരുന്നുവെന്നും ശരീരഭാഗങ്ങള്‍ തകര്‍ന്ന കാറിന്റെ അവശിഷ്ടങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും നാട്ടുകാരും പൊലീസും പറയുന്നു. ഒരാള്‍ സീറ്റിനടിയിലായിരുന്നു, ചെവിയിലൂടെയും മൂക്കിലൂടെയും രക്തം ഒഴുകുകയായിരുന്നു.
അപകടകാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മതിയായ സൂചനാ ബോര്‍ഡുകള്‍ ഇല്ലാതിരുന്നതും ലോറി ദേശീയപാതയുടെ ഒന്നാം ട്രാക്കില്‍ പാര്‍ക്ക് ചെയ്തതും അപകടകാരണമായി. ഇതിന് 100 മീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്താണ് നേരത്തെ നടന്‍ കൊല്ലം സുധി മരണപ്പെട്ട അപകടമുണ്ടയത്.

