Spread the love

കാസര്‍കോട്: വരുന്ന മാസം വിവാഹം നടക്കാനിരിക്കെ യുവതിയും യുവാവും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവനൊടുക്കി. കാസർകോട് പൂച്ചക്കാട് കിഴക്കേകരയിലെ പി. അനുശ്രീയാണ് (25) താമസസ്ഥലത്ത് ജീവനൊടുക്കിയത്. വിഡിയോ കോൾ വിളിച്ചശേഷമായിരുന്നു ആത്മഹത്യ. ഇതിനു പിന്നാലെയാണ്, പ്രതിശ്രുത വരനായ കണ്ണൂർ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമൽ (27) ആത്മഹത്യ ചെയ്തത്.

രണ്ടുപേരും ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു.

അമലിനെ വീഡിയോ കോള്‍ ചെയ്ത ശേഷമാണ് അനുശ്രീ ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച് അറിഞ്ഞതിന് തൊട്ടുപിന്നാലെ, എറണാകുളത്തെ ഹോട്ടല്‍ മുറിയില്‍ അമലിനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൂച്ചക്കാട്ടെ ഗ്യാസ് ഏജന്‍സി ഉടമ കെ. ചന്ദ്രന്റെയും റീനയുടെയും മകളാണ് അനുശ്രീ.

മൈസൂരില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അനുശ്രീയുടെ മൃതദേഹം പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. സംഭവം അറിഞ്ഞ് അമലിന്റെ ബന്ധുക്കള്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം ആത്മഹത്യയിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ശ്രീലക്ഷ്മിയാണ് അനുശ്രീയുടെ ഏക സഹോദരി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)